വത്തിക്കാന്‍ സിറ്റി: പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകള്‍ പരസ്യപ്പെടുത്താനൊരുങ്ങി റോം. സഭാ പുരോഹിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗീകാരോപണക്കേസുകള്‍ നിരവധി ഉയരുകയും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് വത്തിക്കാന്‍ രേഖകള്‍ പരസ്യപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്നത്.
വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തിലാണ് വത്തിക്കാന്‍ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. കേസില്‍പ്പെടുന്നവര്‍ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാന്‍ വാര്‍ത്താകുറിപ്പിറക്കി.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന കേസുകളില്‍ പുരോഹിതന്മാര്‍ പ്രതിയായാല്‍ ആ രാജ്യത്തെ നിയമ സംവിധാവുമായി സഹകരിക്കാനാണ് നിര്‍ദ്ദേശം. വിവരങ്ങള്‍ പോലീസിന് കൈമാറുകയും വേണം. പുരോഹിതന്മാര്‍ പ്രതികളായ ലൈംഗിക പീഡന പരാതികള്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്റെ തീരുമാനം.
പുരോഹിതന്മാര്‍ ലൈംഗിക പീഡന കേസുകളില്‍ പ്രതിയെങ്കില്‍ ഇതു സംബന്ധിച്ച സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാന്‍ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.
18- വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നേരെത്തെ ഇത് പതിനാല് വയസ്സ് വരെയാണ് കുട്ടികളായി കണക്കാക്കിയിരുന്നത്.
















