ന്യൂദല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഏതെങ്കിലുമൊരു മതത്തിലെ ഏതെങ്കിലുമൊരു പൗരനെ ബാധിക്കുന്നതല്ല പൗരത്വ നിയമ ഭേദഗതിയെന്നും ഈ നിയമം നടപ്പാകുമ്പോള്‍ ഏതെങ്കിലുമൊരു ഇന്ത്യന്‍ പൗരന് ഭയക്കേണ്ട സാഹചര്യമില്ലെന്നും മോദി വ്യക്തമാക്കി.
ചര്‍ച്ചകളും സംവാദങ്ങളും എതിര്‍പ്പുകളും ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടും ജനജീവിതം സാധാരണനിലയില്‍ മുന്നോട്ടു പോകുന്നതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടുമുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. വലിയ തോതില്‍ രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും ബില്ലിനെ പിന്തുണച്ചിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുകയെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ സമ്പ്രദായമാണെന്നും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത ഈ നിയമം മറ്റെങ്ങും പോകാനില്ലാത്ത അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കാനായി ഉണ്ടാക്കിയതാണ്. വര്‍ഷങ്ങളായി അടിച്ചമര്‍ത്തല്‍ നേരിടുന്നവര്‍ക്ക് ഇന്ത്യയല്ലാതെ പോവാന്‍ മറ്റൊരിടമില്ല, മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, എല്ലാ പൗരന്മാരെയും ശക്തിപ്പെടുത്തുക, പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും മുന്നോട്ട് കൊണ്ടുവരിക എന്നിവയാണ് നമ്മുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ നമ്മെ വിഭജിക്കാനും പ്രശ്നങ്ങളുണ്ടാക്കാനുമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരായ സംഘങ്ങളുടെ നീക്കം അനുവദിക്കാനാവില്ല. സമാധാനവും ഐക്യവും സാഹോദര്യവും പുലര്‍ത്തേണ്ട സമയമാണിത്. വ്യാജപ്രചാരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് എല്ലാവരും അകന്നു നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: