ന്യൂദല്‍ഹി: ദല്‍ഹി തെരുവുകളില്‍ അഴിഞ്ഞാടിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. ആദ്യം കലാപം അവസാനിപ്പിക്കണമെന്നും എന്നിട്ട് മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. എ ബോബ്ഡെ നിര്‍ദേശിച്ചു. കോടതിയില്‍ ബഹളം വെയ്ക്കാന്‍ ശ്രമിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയുടെ നടപടിയെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
ദല്‍ഹി പോലീസ് നടപടിക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിങ്, രാജീവ് ധവാന് തുടങ്ങിയവര്‍ ഇന്നലെ കോടതിയില്‍ ഹാജരായത്. ജാമിയ മിലിയയിലും അലിഗഡിലും വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പോലീസ് അക്രമമുണ്ടായെന്നും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും ഇന്ദിരാ ജയ്സിങ് കോടതിയെ അറിയിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്നും കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. അഭിഭാഷകരും പോലീസും ഏറ്റുമുട്ടിയപ്പോള്‍ കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നും ഇക്കാര്യത്തിലും അതുവേണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ ഇതെല്ലാം ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള സമരത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കലാപസമാന സാഹചര്യം നിലനില്‍ക്കുന്നത് അവസാനിപ്പിക്കണം. ആര്‍ക്കെങ്കിലും എന്തിനോടെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ട്. അത്തരം സമരങ്ങളെ കോടതി അംഗീകരിക്കുന്നു, ചീഫ് ജസ്റ്റിസ് ബോബ്ഡെ വിശദീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നും അനുമതിയില്ലാതെയാണ് പോലീസ് ക്യാംപസില്‍ പ്രവേശി ഇന്ദിരാ ജയ്സിങ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആദ്യം കലാപം അവസാനിപ്പിക്കണമെന്നും കലാപമുണ്ടാകുന്നതെങ്ങനെയന്ന് തങ്ങള്‍ക്ക് അനുഭവമുണ്ടെന്നും കോടതി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. കലാപം അവസാനിപ്പിക്കണം, കോടതി നിര്‍ദേശിച്ചു.
ഇതിനിടെയാണ് ജാമിയ മിലിയയിലെ ഒരു വിദ്യാര്‍ത്ഥി സുപ്രീംകോടതിയില്‍ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന് ഉച്ചത്തില്‍ ബഹളമുണ്ടാക്കിയത്. പോലീസ് ക്യാമ്പസില്‍ നരനായാട്ട് നടത്തിയെന്നും ബാത്ത് റൂമില്‍ പോലും കയറി മര്‍ദ്ദിച്ചെന്നും വിദ്യാര്‍ത്ഥി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇങ്ങനെയല്ല കോടതിയില്‍ വിഷയം അവതരിപ്പിക്കേണ്ട രീതിയെന്നും മിണ്ടാതിരിക്കൂ എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി. എവിടെയെങ്കിലും നടന്ന ബഹളത്തിന് ഇവിടെക്കിടന്നല്ല ബഹളമുണ്ടാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്നും വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അവിടേക്ക് അയക്കണമെന്നും അഡ്വ. കോളിന് ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ബസ്സുകള്‍ കത്തിക്കുകയും ഇരുചക്ര വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുകയാണെന്നും കലാപം അവസാനിപ്പിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പൊതു മുതല്‍ നശിപ്പിക്കുമ്പോള്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി അക്രമികള്‍ക്ക് വേണ്ടിയെത്തിയ അഭിഭാഷകരോട് പറഞ്ഞു.
സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ വിഷയം പരിഗണിക്കാനാവൂ. നിലവില്‍ ഇതൊരു ക്രമസമാധാന വിഷയമാണ്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവൂമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നിങ്ങള്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തുകയാണെങ്കില്‍ നിങ്ങളെ കേള്‍ക്കാം. തെരുവിലിറങ്ങി നിയമം കൈയിലെടുക്കാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ കേള്‍ക്കില്ല. എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: