ബെംഗളൂരു: ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ പലരുടെയും കണ്ണുനിറച്ചെങ്കിലും ചിത്രദുര്‍ഗയിലെ കര്‍ഷക കുടുംബത്തിന് സമ്മാനിച്ചത് അതിരില്ലാത്ത സന്തോഷം. അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിച്ച് ഇറക്കിയ കൃഷിയില്‍ നിന്ന് ലഭിച്ചത് കോടികളുടെ ലാഭം. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡസിദ്ധമനഹള്ളിയിലെ കര്ഷകന് മല്ലികാര്‍ജുന (42) ഇപ്പോള്‍ കര്‍ഷകരുടെ ഇടയിലെ താരമാണ്.
സ്വന്തമായുള്ള 10 ഏക്കറിലും പാട്ടത്തിനെടുത്ത 10 ഏക്കറിലും 15 ലക്ഷം രൂപ ബാങ്ക് ലോണ്‍ എടുത്താണ് മല്ലികാര്‍ജുന ഉള്ളി കൃഷി ആരംഭിച്ചത്. കൃഷി പരിപാലനത്തിന് 50 തൊഴിലാളികളുണ്ടായിരുന്നു. നല്ല വിളവ് ലഭിക്കാതിരിക്കുകയോ വിലയിടിവോ ഉണ്ടായാല്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന വെല്ലുവിളി ഏറ്റെടുത്തായിരുന്നു മല്ലികാര്‍ജുനയുടെ കൃഷി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളി വില കിലോയ്ക്ക് എഴുപതില്‍ താഴേക്ക് പോയതോടെ മല്ലികാര്‍ജുന ആശങ്കയിലായി.
എന്നാല്‍, അപ്രതീക്ഷിതമായാണ് ഉള്ളിവില കുതിച്ചുയര്‍ന്നത്. ഇതോടെ മല്ലികാര്‍ജുനയുടെ കൃഷിത്തോട്ടത്തില്‍ നിന്ന് 240 ടണ്‍ (20 ലോഡ്) ഉള്ളി കയറ്റി അയച്ചു. ഒരു വേളയില്‍ കിലോയ്ക്ക് 200 രൂപ വരെ ലഭിച്ചു. 5-10 ലക്ഷം രൂപ ലാഭം പ്രതീക്ഷിച്ച കൃഷിയിലൂടെ ലഭിച്ചത് രണ്ടര കോടി രൂപയിലധികം ലാഭം. വില ഉയര്‍ന്നതോടെ ഉള്ളി മോഷണം പോകാതിരിക്കാന്‍ കൃഷി സ്ഥലത്തിന് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
2004 മുതല്‍ മല്ലികാര്‍ജുന ഉള്ളികൃഷി നടത്തുന്നു. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം രൂപ ലാഭം ലഭിച്ചു. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ ഉള്ളി കൃഷി ഉപേക്ഷിച്ചെങ്കിലും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് കൃഷി തുടരുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച നേട്ടത്തില്‍ വലിയ സന്തോഷത്തിലാണ് മല്ലികാര്‍ജുനയുടെ കുടുംബം. ബാങ്കിലെ കടമെല്ലാം വീട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീടു വയ്ക്കണം, കൂടുതല്‍ കൃഷിസ്ഥലം വാങ്ങി കൃഷി വിപുലീകരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: