തിരുവനന്തപുരം: ന്യൂനപക്ഷ പ്രീണനം തിരിച്ചടിക്കുമെന്നു ഭയന്ന് പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ സിപിഎം നയം മാറ്റുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് അനുകൂല നിലപാടു സ്വീകരിച്ച സിപിഎം ഇനി അവര്‍ക്കൊപ്പം പരസ്യമായി നീങ്ങേണ്ടതില്ല എന്ന അടവു നയത്തിലേക്ക് നീങ്ങി. എസ്ഡിപിഐ അടക്കമുള്ള ചില മുസ്ലിം സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഎം രംഗത്തു വന്നത് ഇതിന്റെ ഭാഗമാണ്.
ഹര്‍ത്താലിനെതിരേ സിപിഎം സെക്രട്ടേറിയേറ്റ് ഇന്നലെയാണ് നിലപാട് വ്യക്തമാക്കിയത്. ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത് വളര്‍ന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്നതല്ലെന്നും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് സമമാണെന്നുമാണ് സിപിഎമ്മിന്റെ പുതിയ നിലപാട്. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നുമാണ് ആഹ്വാനം. കഴിഞ്ഞ മൂന്നു ദിവസമായി ന്യൂനപക്ഷ പ്രീണനത്തിലൂടെ അവരെ ഒപ്പം നിര്‍ത്താനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സിപിഎം ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞത്.
ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം. പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. സിപിഐയും ബില്ലിനെതിരെ പരസ്യമായി രംഗത്ത്വന്നു. പൗരത്വ നിയമത്തിനെതിരേ ഇന്ന് മുഖ്യമന്ത്രി രക്തസാക്ഷി മണ്ഡപത്തില്‍ സത്യഗ്രഹവും നടത്തുന്നുണ്ട്. യുഡിഎഫ് പിന്തുണയോടെ നടത്തുന്ന സത്യഗ്രഹത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും.
അതേസമയം, എ.പി. അബൂബക്കര്‍ മുസ്ലിയാരും സമസ്തയും ഹര്‍ത്താലിനെ അനുകൂലിക്കില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ചാല്‍ ഭൂരിപക്ഷ വിഭാഗം എതിരാകുമെന്ന ഭയം സിപിഎമ്മിനുണ്ട്. മാത്രമല്ല എസ്ഡിപിഐ അടക്കമുള്ള തീവ്രസ്വഭാവമുള്ള സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണുയക്കുന്നത് തിരിച്ചടിയാകുമെന്നും ഹര്‍ത്താല്‍ വിജയിച്ചാല്‍ അതിന്റെ അവകാശം മുസ്ലിം സംഘടനകള്‍ കൊണ്ടുപോകുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നു.
അതേസമയം മുഖ്യമന്ത്രിയുടെ സത്യഗ്രഹത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം കോണ്ഗ്രസ്സുകാര് തന്നെ രംഗത്തുണ്ട്. സമരത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും കിട്ടും എന്നാണ് യുഡിഎഫിലെ ഒരു വിഭാഗം കണക്കാക്കുന്നത്. ഹര്‍ത്താലിനെ സംബന്ധിച്ച് യുഡിഎഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹര്‍ത്താലിനെ അനുകൂലിക്കണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഹര്‍ത്താല്‍ ഗുണകരമാകില്ലെന്നാണ് മറുഭാഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: