കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ന്യൂദല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും മറ്റ് എയിംസുകളിലും 2020 വര്‍ഷത്തേക്കുള്ള ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ബിഎസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്), ബിഎസ്സി പാരാമെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിന് മുന്‍കൂര്‍ അപേക്ഷാ സമര്‍പ്പണത്തിന് സമയമായി. കുറഞ്ഞ ഫീസില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കും. പാരാമെഡിക്കല്‍ വിഭാഗത്തില്‍ എയിംസ് ദല്‍ഹിയില്‍ ബാച്ചിലര്‍ ഓഫ് ഓപ്ടോമെട്രി, ബിഎസ്സി-മെഡിക്കല്‍ ടെക്നോളജി ഇന്‍ റേഡിയോഗ്രാഫി, ഡന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ്, ഡന്റല്‍ ഹൈജിന്‍, ഓപ്പറേഷന് തിയറ്റര്‍ ടെക്നോളജി കോഴ്സുകളിലും എയിംസ് ഭുവനേശ്വറില്‍ ബിഎസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, ഓപ്പറേഷന് തിയറ്റര്‍ & അനസ്തേഷ്യോളജി ടെക്നോളജി, മെഡിക്കല്‍ ടെക്നോളജി റേഡിയോഗ്രാഫി, റേഡിയോ തെറാപ്പി കോഴ്സുകളിലുമാണ് പ്രവേശനം. ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്ന, റായ്പൂര്‍, ഋഷികേശ് മുതലായ എയിംസുകളിലാണുള്ളത്. കോഴ്സുകളുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസില്‍ ലഭിക്കും. 2020 ജൂണില്‍ ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്. ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. മറ്റ് കോഴ്സുകള്‍ക്ക് ദല്‍ഹിയാണ് പരീക്ഷാ കേന്ദ്രം.
പ്രവേശന യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്/പാരാ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 55/50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്. (നഴ്സിങ്ങിന് 50%, പാരാമെഡിക്കലിന് 45% എന്നിങ്ങനെ മതിയാകും).ബിഎസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്) കോഴ്സ് പ്രവേശനത്തിന് പ്ലസ്ടു പാസായിരിക്കണം. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുണ്ടായിരിക്കണം.
രജിസ്ട്രേഷന്: പ്രവേശനത്തിനായുള്ള ബേസിക് രജിസ്ട്രേഷന് ഡിസംബര്‍ 12 ന് ആരംഭിച്ചു. ജനുവരി 16 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം രജിസ്ട്രേഷന് സ്റ്റാറ്റസ് ജനുവരി 20 ന് അപ്ഡേറ്റ് ചെയ്യും. നിരസിച്ച രജിസ്ട്രേഷന് അപാകതകള്‍ ജനുവരി 21നും 30നും ഇടയില്‍ പരിഹരിക്കാം. ഫൈനല്‍ സ്റ്റാറ്റസ് ഫെബ്രുവരി 4ന് അറിയാം. വിശദവിവരങ്ങളടങ്ങിയ 2020 ലെ പ്രോസ്പെക്റ്റസ് മാര്‍ച്ച് 12ന് അപ്ലോഡ് ചെയ്യാം.
ഫൈനല്‍ രജിസ്ട്രേഷനായുള്ള കോഡ് മാര്‍ച്ച് 14 നും ഏപ്രില്‍ 15 നും മധ്യേ ജനറേറ്റ് ചെയ്യാം. ഈ സമയപരിധിക്കുള്ളില്‍ ഫീസ് അടച്ച് പരീക്ഷാ കേന്ദ്രവും തെരഞ്ഞെടുക്കാം. ഫൈനല്‍ രജിസ്ട്രേഷന് സ്റ്റാറ്റസ്, ബിഎസ്സി നഴ്സിങ് ഏപ്രില്‍ 22 നും മറ്റ് കോഴ്സുകളുടേത് ഏപ്രില്‍ 24 നും പ്രസിദ്ധീകരിക്കും. അഡ്മിഷനാവശ്യമായ രേഖകള്‍ മേയ് 4 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.
പ്രവേശന പരീക്ഷ: ബിഎസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്)-ജൂണ്‍ 6 (10എഎം-11.30 എഎം), ബിഎസ്സി പാരാമെഡിക്കല്‍-ജൂണ്‍ 20 (10എഎം-11.30 എഎം), ബിഎസ്സി നഴ്സിങ് (ഓണേഴ്സ്) ജൂണ്‍ 28 (10എഎം-12.00 നൂണ്).
2019 വര്‍ഷത്തെ പ്രവേശനത്തില്‍ ബേസിക് രജിസ്ട്രേഷന് സ്വീകരിച്ചിട്ടുള്ള പക്ഷം 2020 വര്‍ഷത്തേക്കുള്ള ഫൈനല്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്. ബേസിക് രജിസ്ട്രേഷന് വീണ്ടും നടത്തേണ്ടതില്ല.
എയിംസില്‍ എംഎസ്സി: ബേസിക് രജിസ്ട്രേഷന് ജനുവരി 16 നകം
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂദല്‍ഹിയിലും മറ്റ് എയിംസുകളിലും 2020 വര്‍ഷത്തേക്കുള്ള എംഎസ്സി നഴ്സിങ്, എംഎസ്സി മെഡിക്കല്‍ അനാട്ടമി, ബയോ കെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കല്‍ ഫിസിയോളജി, മെഡിക്കല്‍ ഫാര്‍മക്കോളജി, എംഎസ്സി ബയോ ടെക്നോളജി കോഴ്സുകളില്‍ പ്രവേശനത്തിന് ബേസിക് രജിസ്ട്രേഷന് ഇപ്പോള്‍ നടത്താം. ജനുവരി 16 നകം രജിസ്റ്റര്‍ ചെയ്യണം. അപാകങ്ങള്‍ പഹിരിക്കുന്നതിന് ജനുവരി 21 മുതല്‍ 30 വരെ സൗകര്യം ലഭിക്കും. ഫൈനല്‍ സ്റ്റാറ്റസ് ഫെബ്രുവരി 4 ന് അറിയാം. വിശദവിവരങ്ങളടങ്ങിയ 2020ലെ പ്രോസ്പെക്ടസ് മാര്‍ച്ച് 12 ന് അപ്ലോഡ് ചെയ്യും.
ഫൈനല്‍ രജിസ്ട്രേഷനായുള്ള കോഡ് മാര്‍ച്ച് 14 നും ഏപ്രില്‍ 25 നും മധ്യേ ജനറേറ്റ് ചെയ്യാം. ഇതോടൊപ്പം ഫീസ് അടച്ച് പരീക്ഷാ കേന്ദ്രവും തെരഞ്ഞെടുക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ടാവും. അപേക്ഷയുടെ ഫൈനല്‍ സ്റ്റാറ്റസ് എംഎസ്സി നഴ്സിങ്ങിന്റേത് ഏപ്രില്‍ 27 നും മറ്റ് എംഎസ്സി കോഴ്സുകളുടേത് ഏപ്രില്‍ 29 നും പ്രസിദ്ധപ്പെടുത്തും.
പ്രവേശന യോഗ്യത: എംഎസ്സി നഴ്സിങ്-അംഗീകൃത നഴ്സിങ് ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. മറ്റ് എംഎസ്സി കോഴ്സുകള്‍ക്ക് -എംബിബിഎസ്/ബിഡിഎസ് (55% മാര്‍ക്കില്‍ കുറയരുത്) അല്ലെങ്കില്‍ ബിവിഎസ്സി/ബിഫാം/ബിപിടി/ബിഎസ്സി-ബയോളജി/ലൈഫ് സയന്‍സസ്/ഫിസിക്സ്/മാത്തമാറ്റിക്സ്/കെമിസ്ട്രി/റേഡിയോഗ്രാഫി/ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്നോളജി/റിപ്രൊഡക്ടീവ് ബയോളജി & ക്ലിനിക്കല്‍ റേഡിയോളജി മുതലായവയില്‍ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5% മാര്‍ക്കിളവുണ്ട്.
പ്രവേശന പരീക്ഷ: എംഎസ്സി നഴ്സിങ്-ജൂണ്‍ 6 (10എഎം-11.30 എഎം), മറ്റ് എംഎസ്സി കോഴ്സുകള്‍ക്ക്-ജൂലൈ 4 (10എഎം-11.30 എഎം), എംഎസ്സി ബയോ ടെക്നോളജി-ഉച്ചയ്ക്കുശേഷം 3 മുതല്‍ 4.30 മണിവരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: