ലബ്ധ്വാ കഥഞ്ചിന്നര ജന്മ ദുര്ലഭം
തത്രാപി പുംസ്ത്വം ശ്രുതി പാരദര്‍ശനം
യസ്ത്വാത്മ മുക്തൈന്യ യതേത മൂഢ ധീഃ
സ ആത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത്
വളരെയേറെ ദുര്‍ലഭമായ മനുഷ്യ ജന്മം കിട്ടി പൗരുഷ ഗുണങ്ങളും വേണ്ട പോലെ ശാസ്ത്ര അദ്ധ്യയന നടത്തിയിട്ടും തന്റെ മുക്തിക്കായ് യത്നിക്കാത്തയാള്‍ വിമൂഢനാണ്. അയാള്‍ തന്നെ സ്വയം നശിപ്പിക്കുന്നയാളാണ്. ആത്മഘാതകന് എന്ന വിശേഷണമാണ് ആചാര്യ സ്വാമികള്‍ നല്‍കിയിരിക്കുന്നത്.
അസത് വസ്തുക്കളെ ആശ്രയിക്കുന്നതു കാരണം പരമാത്മ വസ്തുവിനെ നേടാനാകാതെ ആത്മ നാശം സ്വയം വരുത്തിവെയ്ക്കുയാണ് ചെയ്യുന്നത്.മനുഷ്യ ജന്മം പാഴായികളയുന്നതു കൊണ്ട് മോക്ഷം ലഭിക്കില്ല എന്നത് മാത്രമല്ല അങ്ങനെയുള്ളയാള്‍ തന്നെത്തന്നെ നശിപ്പിക്കുന്നവനാണ്.
മനുഷ്യത്വമുണ്ടായാലും പൗരുഷ ഗുണങ്ങളുണ്ടായാലും ധര്‍മ്മാചരണത്തില്‍ മുന്നോട്ട് പോയില്ലെങ്കില്‍ വലിയ നഷ്ടമാകും. ശാസ്ത്ര പഠനം ഗംഭീരമായി നടത്തിയിട്ടും കുറെ അറിവ് നേടാം. പക്ഷേ മുക്തിക്കായ് പ്രയത്നിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെപ്പോലെ ഒരു വിഡ്ഡി വേറെയുണ്ടാകില്ല.മനുഷ്യന് മാത്രമേ മോക്ഷത്തിന് യോഗ്യത നേടാനാകുകയുള്ളൂ എന്നതിനാല്‍ അത്തരത്തിലാണ് ബ്രഹ്മാവ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താനാകാതെ ജീവിക്കുന്നവരെപ്പോലെ മരമണ്ടന്മാര് ഇല്ലെന്ന് വേണം കരുതാന്‍.ഇന്ദ്രിയങ്ങളും മനസ്സും പുറം ലോകത്തെ വിഷയങ്ങളുമായി തീര്ത്താ തീരാത്ത ആസക്തിയോടെ രമിക്കുന്നതിനെയാണ് അസത് ഗ്രഹാന് എന്ന് വിശേഷിപ്പിച്ചത്. ശരീരം മുതലായ ഉപാധികളോരോന്നും താന്‍ എന്ന് തെറ്റിദ്ധരിക്കുകയാണ് മനുഷ്യര്‍. അവയുടെയെല്ലാം മോഹന വലയത്തില്‍ പെട്ട് വേണ്ടതിനെ തിരിച്ചറിയാനാകുന്നില്ല. ലഹരി വസ്തുക്കളെ പോലെ തന്നെ ഓരോ വിഷയങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട ചിന്തകള്‍ക്കും നമ്മെ പടുകുഴിയിലേക്ക് വീഴ്ത്താനാകും.ഇത് സ്വയം നാശമാണ്. വലിയ വലിയ അറിവ് നേടിയെന്ന് അഭിമാനിക്കുന്നവരും സാധകരെന്ന് നടിക്കുന്നവരുമൊക്കെ ഇങ്ങനെ പതിക്കുന്നു.
ഇതഃ കോന്വസ്തി മൂഢാത്മായസ്തു സ്വാര്‍ത്ഥേ പ്രമാദ്യതി
ദുര്ലഭം മാനുഷം ദേഹംപ്രാപ്യ തത്രാപി പൗരുഷം
ദുര്‍ലഭമായി കിട്ടിയ ജന്മജന്മവും പൗരുഷ ഗുണങ്ങളും ഉണ്ടായിട്ടു പോലും ആത്മസാക്ഷാത്കാരത്തിന് വേണ്ടത്ര പ്രയത്നം ചെയ്യാത്തയാളേക്കാള്‍ മൂഢനായവന് വേറെയാരുണ്ട്?എല്ലാ സൗഭാഗ്യങ്ങളും അനുകൂലമായ അന്തരീക്ഷവുമൊക്കെ വന്ന് ചേര്‍ന്നിട്ടും ലക്ഷ്യത്തിലെത്താന്‍ പ്രയത്നിക്കാത്തവന്‍ മൂഢന് തന്നെയെന്ന് ഉറപ്പിക്കാം. കൈവെള്ളയില്‍ വന്നതിനെ താഴെ വീഴ്ത്തി ഉടയ്ക്കുന്നത് പോലെയാണിത്.മനുഷ്യ ജന്മം തന്നെ പരമപദത്തിലേക്ക് നമുക്കുള്ള വാതില്‍ തുറന്ന് തന്നിട്ടിരിക്കുന്നതു പോലെയാണ് എന്നിട്ടും അതിലേക്കു നീങ്ങാത്തവരെക്കുറിച്ച് പരിതപിക്കാനേ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: