നാരായണീയം ഒരു സ്തോത്രകാവ്യമാണ്. സ്തുതിയുടെ ഛന്ദോബന്ധിതമായ കവിഞ്ഞൊഴുകല്‍ തന്നെ സ്തോത്രകാവ്യം. സ്തുതിക്ക് പ്രേരകം ഭക്തിയാണ്. സാത്വിനും ഭക്തനും പണ്ഡിതനുമായ ഒരു കവിയുടെ ഇഷ്ടദേവതാരാധനയിലെ ഉത്കൃഷ്ടമായ രതി ഉദാത്തമായ സ്തോത്രമാകും. കവിയുടെ ഹൃദയേശ്വരന് ശ്രീകൃഷ്ണനാണ്. ഭാഗവതത്തിലെ കൃഷ്ണചൈതന്യത്തെ കേരളത്തിലെ ഒരു ക്ഷേത്രത്തിലേക്ക് ആവാഹിക്കുവാന്വേണ്ടി ഉരുവിട്ട മന്ത്രങ്ങളുടെ ഛന്ദസ്കൃതരൂപമാണ് നാരായണീയം. പ്രഖ്യാതമായ കൃഷ്ണകഥ സ്വാനുഭൂതിയുടെ ദീപ്തിവിതാനത്തോടെ മേല്‍പ്പുത്തൂര്‍ പാടുന്നു. ക്രിയാവിചിത്രമായ ഭാഗവതത്തെ പുനഃസംവിധാനം ചെയ്യുമ്പോള്‍ ഭക്തിക്ക് അപചയമുണ്ടാവാന്‍ പാടില്ലല്ലോ. സ്തോത്രകാവ്യങ്ങളുടെ ലക്ഷ്യപ്രഖ്യാപനം തന്നെ ഭക്തിയുടെ സാര്‍വത്രികതയാണ്.
ക്രി.വ. 1587ല്‍ നാരായണീയ രചനപൂര്ത്തിയായതിന് തെളിവുകളുണ്ട്. 27 വയസ്സ് പ്രായമുള്ള കവി ഒരുദിവസം പത്ത് ശ്ലോകംവീതം നൂറ് ദിവസമെടുത്ത് ഗുരുവായൂരില്‍ ഭജനമിരുന്ന് പറഞ്ഞുകൊടുത്തുവെന്നും അനുജനായ മാതൃദത്തന്‍ ഭട്ടതിരി എഴുതിയെടുത്തുവെന്നും ഒരു കഥ. ഭക്തിയും ജ്ഞാനവും ലയലീനതയോടൊഴുകുന്ന നാരായണീയത്തെ വേദമെന്നും വിശേഷിപ്പിച്ചിരിക്കുന്നു.
മേല്പ്പുത്തൂരിനെയും പൂന്താനത്തിനെയും ചേര്‍ത്തുനിര്‍ത്തിയുള്ള പഠനങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. മഹാകവി ഉള്ളൂരിന്റെ ഈ താരതമ്യം രസകരംതന്നെ. മേല്‍പ്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണക്കിളിയുമാണ്. ഒന്ന് ഭാസുരമായ ജ്യോതിര്‍ഗോളം, മറ്റൊന്ന് സുരഭിലമായ ഒരു പേലവസുമം. ഒന്നിന്റെ സൂക്തി പടഹധ്വനി, മറ്റേത് വീണാക്വാണം.
നാരായണീയത്തിന് അനുകരണങ്ങളേറെയുണ്ടായിട്ടുണ്ട്. ഏറെ ശ്രദ്ധേയം സ്വാതിതിരുനാളിന്റെ ഭക്തിമഞ്ജരിയാണ്. കവിത്വം, പാണ്ഡിത്യം, ഭക്തി ഇവയുടെ കാര്യത്തില്‍ സ്വാതിതിരുനാള്‍ മികച്ച പ്രകടനം കഴ്ചവെച്ചിട്ടുണ്ട്. മേല്‍പ്പുത്തൂരിന്റെ നാരായണീയം സ്തോത്രകാവ്യപ്രസ്ഥാനത്തിലെ എക്കാലത്തെയും ക്ലാസിക് തന്നെ. സ്ഥൂലവ്യാഖ്യാനത്തില്‍ നാരായണീയം ഭക്തിയുടെ പ്രബോധഘൃതമാണ്. സൗന്ദര്യനിരീക്ഷണത്തില്‍ കാവ്യത്തിന്റെ രസാമൃതമാണ്. ദാര്‍ശനികതലത്തില്‍ നാരായണീയം അദൈ്വതത്തിന്റെ സാരവും. സാന്ദ്രാനന്ദാവബോധത്തില്‍ മിഴിതുറന്ന് ആയുരാരോഗ്യസൗഖ്യത്തില് മൊഴിയുറയുന്ന മേല്‍പ്പുത്തൂരിന്റെ നാരായണീയം ശ്രുതിയൊടുങ്ങാത്ത എക്കാലത്തെയും ശ്രീകൃഷ്ണ സങ്കീര്‍ത്തനമാകുന്നു.(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: