മാവേലിക്കര: സവാളയ്‌ക്കും ഉള്ളിക്കും വിലകുറയുന്നതിനിടയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി കൊള്ളലാഭത്തിന് ശ്രമം. ജില്ലയില്‍ കായംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊത്ത വിതരണകേന്ദ്രത്തില്‍ ടണ്‍ കണക്കിനു സവാളയും ഉള്ളിയുമാണ് ശേഖരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ അടക്കം സ്വാധീനിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
ചേര്‍ത്തല, അരൂര്‍,ആലപ്പുഴ, അമ്പലപ്പുഴ, കാര്‍ത്തകപ്പള്ളി എന്നിവിടങ്ങളിലും ഇവര്‍ക്ക് ശാഖകളുണ്ട്. ജില്ലയിലെ പ്രധാന വിതരണക്കാരാണ് ഇവര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ വന്‍തോതില്‍ സംഭരണം നടത്തുന്നത്. ദൗര്‍ലഭ്യം ഉണ്ടാകുമ്പോള്‍ ഇരട്ടി ലാഭം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ഉള്ളിയെത്തുന്നത്. ഇത്തവണ കൃഷി മഴയില്‍ നശിച്ചു. അതോടെയാണു വന്‍കിടക്കാര്‍ പൂഴ്‌ത്തിവയ്‌പു തുടങ്ങിയത്. സെഞ്ചുറി പിന്നിട്ട് സവാള വില 100 രൂപയായി. വില കുറഞ്ഞ ചെറിയ സവാളയുമുണ്ട്. അതിനു പക്ഷേ, ആവശ്യക്കാര്‍ കുറവാണ്. ചെറിയ ഉള്ളിക്കു 120 രൂപ വരെയെത്തി. ഉച്ചകഴിഞ്ഞതോടെ സവാള വില 100 ആയി.
ചില്ലറ വില്‍പനക്കാര്‍ സവാള എടുക്കുന്നതിന്റെ അളവു വളരെ കുറഞ്ഞു. പച്ചക്കറി വിപണിയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സബ്‌സിഡിയിലൂടെ വില നിയന്ത്രിക്കാന്‍ ശ്രമം നടത്താറുണ്ട്. എന്നാല്‍, ഇപ്പോള്‍ അത്തരം നിര്‍ദേശമൊന്നും സര്‍ക്കാരില്‍നിന്നു ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
















