ചിത്രമെഴുത്തില്‍ സുപ്രസിദ്ധനായിരുന്ന ഒരു ചിത്രകാരനുണ്ടായിരുന്നു. പല വലിയ മഹാന്മാരേയും അയാള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ശ്രീകൃഷ്ണസന്നിധിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. തന്റെ സാമര്‍ഥ്യം ശ്രീകൃഷ്ണനും അംഗീകരിച്ച് ഭഗവാനില്‍ നിന്ന് സമ്മതപത്രം ലഭിക്കണമെന്നും ചിത്രകാരന് ആഗ്രഹിച്ചു.
ഒരു ദിവസം അദ്ദേഹം ശ്രീകൃഷ്ണ സന്നിധിയില്‍ എത്തി. ഒരു ചിത്രം വരയ്ക്കാനായി അയാളുടെ മുമ്പില്‍ അനങ്ങാതെ ഇരിക്കാമെന്ന് ഭഗവാനും സമ്മതിച്ചു. ചിത്രം വരച്ചു പൂര്‍ത്തിയാക്കി അത് ഭഗവാനെ കാണിക്കാനായി ഒരു വസ്ത്രം കൊണ്ട് പൊതിഞ്ഞ് ശ്രീകൃഷ്ണ സന്നിധിയില്‍ എത്തി. പക്ഷേ വസ്ത്രം എടുത്തു മാറ്റിയപ്പോള്‍ കണ്ടത് താന്‍ വരച്ച പടത്തിനും ശ്രീകൃഷ്ണനും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്നാണ്. മാനഹാനിയാല്‍ അയാള്‍ വല്ലാതെ ദുഃഖിച്ചു.
ഒരു തവണകൂടി പടം വരയ്ക്കാന്‍ സന്ദര്‍ഭം തരണേ എന്ന് അപേക്ഷിച്ചു. താന്‍ കെങ്കേമനായ ചിത്രകാരനാണെന്ന ഭള്ള് തീര്‍ക്കാനായി, അങ്ങനെ തന്നെയാകട്ടെയെന്ന് ഭഗവാനും സമ്മതിച്ചു. പക്ഷേ അത്തവണയും ഫലം മുമ്പിലത്തേതു പോലെ തന്നെ. വീണ്ടും അപേക്ഷിച്ചു. വീണ്ടും ഫലം മുമ്പിലത്തേതു പോലെ. ഇങ്ങനെ പലതവണ ശ്രമിച്ചു. അയാളുടെ അഹങ്കാരമെല്ലാം ശമിച്ചു. ജനങ്ങളുടെ മുമ്പില്‍ പോകാന്‍ തന്നെ ലജ്ജ തോന്നി. അയാള്‍ പട്ടണം വിട്ടു. വഴിയില്‍ വെച്ച് നാരദനെ കണ്ടു. അയാളുടെ വിഷണ്ണഭാവം മനസ്സിലാക്കിയ നാരദന് അതിനുള്ള ഹേതു ആരാഞ്ഞപ്പോള്‍ ചിത്രകാരന് ഉണ്ടായ സംഭവമെല്ലാം തുറന്നു പറഞ്ഞു. നാരദര് പറഞ്ഞു; ‘ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കാന്‍ ശ്രമിക്കുക എന്നത് എന്തൊരു വിഡ്ഢിത്തമാണ്. അദ്ദേഹത്തിന് ഒരു നിശ്ചിത രൂപമില്ലല്ലോ. എപ്പോള്‍ വേണമെങ്കിലും തന്റെ രൂപം മാറ്റാന്‍ ഭഗവാന് കഴിയും. ഭഗവാന്റെ ഒരു ചിത്രം വരയ്ക്കണമെന്ന് നിങ്ങള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഒരു മാര്‍ഗമേയുള്ളൂ.’ഇത്രയും പറഞ്ഞ് നാരദന് ചിലതെല്ലാം അയാളുടെ ചെവിയില്‍ മന്ത്രിച്ചു. ചിത്രകാരന് സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി. വസ്ത്രം കൊണ്ടു പൊതിഞ്ഞ ഒരു വലിയ സാധനവുമായി വീണ്ടുമൊരു ദിവസം അയാള്‍ ഭഗവാനെ സമീപിച്ചു. ‘അങ്ങ് ഏതു പ്രകാരത്തില്‍ വേണമെങ്കിലും രൂപം മാറ്റിക്കോളൂ. ഇത്തവണ ചിത്രം അങ്ങയെപ്പോലെ തന്നെയിരിക്കും.’ എന്നു പറഞ്ഞ് താന്‍ കൊണ്ടു വന്ന പൊതിക്കെട്ടഴിച്ച് ശ്രീകൃഷ്ണന് എതിരെ പിടിച്ചു. അത് ഒരു വലിയ കണ്ണാടിയായിരുന്നു. കൃഷ്ണന് തന്റെ മുഖം അതേപടി കണ്ണാടിയില്‍ തെളിഞ്ഞ് കണ്ടു. അതു ശരിയായില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ!
അതിനാല്‍ ഈശ്വരന് അങ്ങനെയാണ് ഇങ്ങനെയാണ് എന്നെല്ലാം നിങ്ങള്‍ പറയുന്നുവെങ്കില്‍ അത് തെറ്റാണ്. ഭഗവാനെ വര്‍ണിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോല്‍ക്കുകയേയുള്ളൂ. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. നിങ്ങളുടെ മനസ്സിനെ ശുദ്ധമാക്കി അതില്‍ ഭക്തിയും വിശ്വാസവും നിറയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഈശ്വരന്റെ യഥാര്‍ഥ രൂപം മനസ്സിലാകും. കാണാനും സാധിക്കും.
(വിവര്‍ത്തനം :
ഡോ. കെ. ജി. തങ്കമ്മ)
സമ്പാ: എം. എസ്. സംഗമേശ്വരന്
ഫോണ്‍: 9447530446
പ്രതികരിക്കാൻ ഇവിടെ എഴുതുക: