ഈ മാര്‍ഗം പിന്തുടരുന്നവര് ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്നും 1920 കളില്‍ അവരുടെ സംഖ്യ ഒന്നര ദശലക്ഷത്തില്‍ താഴെ മാത്രമാണ് എന്നും സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ A History of Indian Philosophy എന്ന പുസ്തകത്തില്‍ പറയുന്നു. അക്കാലത്ത് അവരിലെ ദിഗംബരവിഭാഗം പ്രധാനമായും ഭാരതത്തിന്റെ തെക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങള്‍, കിഴക്കന്‍ രാജപുത്താന, പഞ്ചാബ് എന്നിവിടങ്ങളിലും ആണത്രേ കഴിയുന്നത്. ശ്വേതാംബരവിഭാഗത്തിന്റെ പ്രധാനകേന്ദ്രം ഗുജറാത്ത്, പടിഞ്ഞാറന്‍ രാജപുത്താന എന്നിവിടങ്ങളിലാണെങ്കിലും ഭാരതത്തിന്റെ വടക്ക്, മധ്യഭാഗങ്ങളിലും അവര്‍ വ്യാപിച്ചു കാണുന്നു എന്നും ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ഉടുതുണി, ഒരു പുതപ്പ്, ഒരു ഭിക്ഷാപാത്രം, ഒരു വടി, ഒരു ചൂല്,സംഭാഷണത്തിനിടയില്‍ സുക്ഷ്മജീവികള്‍ വായില്‍ പെട്ടുപോകാതിരിക്കത്തക്കവണ്ണം വായ മറയ്ക്കാന്‍ ഒരു കഷ്ണം തുണി ഇത്രയും ആണ് ഒരു ജൈനസന്യാസിയുടെ കൈവശം ഉണ്ടാകുക. ഈ സാധനങ്ങള്‍ പോലും ഭിക്ഷ യാചിച്ചു സമ്പാദിക്കണം. സന്യാസിനികള്‍ക്കും ഉടുതുണിയുടെ എണ്ണം അല്പംകൂടുമെന്നല്ലാതെ മറ്റെല്ലാം മേല്‍പ്പറഞ്ഞവ തന്നെ. ദിഗംബരവിഭാഗത്തിനാകട്ടെ വസ്ത്രങ്ങളൊന്നും ഉണ്ടാകുകയില്ല. മയില്‍പ്പീലിയോ പശുവിന്റെ വാലിലെ രോമമോ കൊണ്ടുണ്ടാക്കിയ ചൂലാണ് ഉപയോഗിക്കുക. തലയിലെ രോമം വടിച്ചുമാറ്റുകയോ നുള്ളി എടുക്കുകയോ ചെയ്യും. ഈ രണ്ടാമത്തെ രീതിക്കാണു മുന്‍ഗണന. ഇത് ഒരു അവശ്യചടങ്ങായിട്ടും അവര്‍ കരുതുന്നു. ജൈനസന്യാസജീവിതം വളരെ കഠിനമാണ്. ദുഷ്കരമാണ്. നല്ല മനോബലം ഉള്ളവര്‍ക്കേ അതു കഴിയൂ. പ്രതിദിനം മൂന്നു മണിക്കുറേ ഉറങ്ങാവൂ. മറ്റു നേരങ്ങളില്‍ ചെയ്ത പാപങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കല്‍, ധ്യാനം, പഠനം, ഉച്ചക്കു ഭക്ഷണത്തിനായി ഭിക്ഷാടനം, കൈവശമുള്ള വസ്ത്രം മുതലായവയിലുള്ള അണുജീവികളെ ഒഴിവാക്കല്‍ എന്നിവയില്‍ മുഴുകണം. ജൈനസമൂഹത്തിലെ മറ്റുള്ളവര്‍ ഈ മാതൃകാജീവിതം നയിക്കാനുള്ള പ്രാപ്തി ഏകുന്ന പലതരം വ്രതങ്ങള്‍ ശീലിക്കണം. ഈ സന്യാസിമാര്‍ ഇടക്കിടക്ക് സമൂഹത്തിനു വഴികാട്ടാന്‍ ഉദ്ബോധനങ്ങളും പ്രമാണഗ്രന്ഥങ്ങളുടെ ആശയവിശദീകരണവും നടത്തണം. ഇതിനുള്ള കെട്ടിടത്തിന് ഉപാശ്രയം (ബുദ്ധവിഹാരം പോലെ) എന്നു പറയുന്നു.
ഒരു ജീവിയെപ്പോലും ഒരുതരത്തിലും ഉപദ്രവിക്കാന്‍ പാടില്ല എന്ന തത്വം ഈ ജൈനസന്യാസജീവിതം നയിക്കുന്നവര്‍ കര്‍ശനമായി പാലിക്കുന്നു. അതു കണ്ടുജീവിക്കുന്ന സമൂഹത്തിലും ആ സംസ്കാരം ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുതായി കാണാം. ആ സമൂഹാംഗങ്ങളും ഒരു ജീവിയേയും കൊല്ലാനും മറ്റും ചിന്തിക്കുക പോലുമില്ല. തന്മൂലം, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, കൃഷി മുതലായ ചില ഉപജീവനമാര്‍ഗ്ഗങ്ങളില്‍ നിന്നും ആ സമൂഹം വിട്ടു നില്‍ക്കുകയും കച്ചവട (commerce)ത്തില്‍ കൂടുതല്‍ മുഴുകുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: