ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ നിന്ന് നാല്‍പ്പത്തിനാലായിരം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ കണ്ടെത്തി. മൃഗങ്ങളുടെ ചിത്രങ്ങളാണ് ഇവ. നേച്ചര്‍ എന്ന പ്രസിദ്ധീകരണത്തില്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുള്ള ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
കുന്തവും കയറുമുപയോഗിച്ച് പോത്തിനെ വേട്ടയാടുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവിയുടെ ചിത്രമാണ് ഗുഹാഭിത്തികളിലുള്ളത്. 4.5 മീറ്റര്‍ വീതിയുള്ള ചിത്രത്തില്‍ ആറ് പറക്കുന്ന ജീവികള്‍, സുലവേസ ദ്വീപില്‍ കാണപ്പെടുന്ന രണ്ട് പന്നികള്‍, നാല് ചെറിയ പോത്തുകള്‍ ഇവയെ കുന്തവും കയറുമായി പിന്തുടരുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ ജീവി എന്നിവയാണ് ഉള്‍പ്പെടുന്നത്. ഗ്രിഫിത് സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ആദം ബ്രും ആണ് രണ്ട് വര്‍ഷം മുമ്പ് ഈ ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്.
ലോകത്തിന്റെ കഥ പറയുന്ന ഏറ്റവും പഴക്കം ചെന്ന ചിത്രങ്ങളാവാം ഇതെന്ന് ഗവേഷകരിലൊരുവിഭാഗം വാദിക്കുന്നു. എന്നാല്‍, ഇവ ഏറ്റവും പഴക്കമുള്ള ചിത്രങ്ങളല്ല. മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പാറയില്‍ വരച്ച, 73,000 വര്‍ഷം പഴക്കമുള്ള ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.
പ്രദേശത്ത് ഇതിനു മുന്‍പും ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ചിത്രത്തിലെ മനുഷ്യരൂപത്തിന് മൃഗങ്ങളുമായി സാമ്യമുണ്ട്. അതിന് വാലുണ്ട്. വേട്ടയാടപ്പെടുന്ന തരത്തിലുള്ള ചിത്രം ആദ്യമായാണ് കണുന്നതെന്നും ആദം ബ്രും പറഞ്ഞു.
മൃഗങ്ങളെ ചിത്രീകരിച്ച, പഴക്കമുള്ള ചിത്രങ്ങള്‍ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബോര്‍ണിയോയില്‍ നിന്ന് കണ്ടെടുത്തതിന് 40,000 വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതു പ്രകാരം സുലവേസി ദ്വീപില്‍ നിന്ന് കണ്ടെത്തിയ ഗുഹാചിത്രങ്ങളാവാം ലോകത്തേറ്റവും പഴക്കം ചെന്നതെന്നും നേച്ചര്‍ വ്യക്തമാക്കുന്നു.
















