സര്വലോകമൈത്രി, കരുണ എന്നിവയെപ്പറ്റി ചിന്തിച്ച് മനസ്സു ശുദ്ധമായി, രാഗങ്ങളെല്ലാം അകന്നു എന്നു ചിന്തിച്ചാലേ ശുഭം കൈവരൂ എന്നും മറിച്ചായാല്‍ സദ്ഗുണങ്ങളെ മറികടന്ന് പാപകര്‍മ്മങ്ങളില്‍ മുഴുകി സകലദുരിതവും പേറേണ്ട ഗതി വരുമെന്നും എന്നു സദാ നിനക്കുന്നതിന് ആശ്രവഭാവനാ എന്നു വിളിക്കുന്നു. ആശ്രവ (കര്‍മ്മത്തിന്റെ നമ്മുടെ ഉള്ളിലേക്കുള്ള ഒഴുക്ക്)ത്തെ നിയന്ത്രിച്ചാല്‍ സംവാര (കര്‍മ്മത്തിന്റെ ഉള്ളിലേക്കുള്ള ഒഴുക്കു നിലയ്ക്കല്‍) വും സഞ്ചിതകര്മ്മനാശത്താല് നിര്‍ജ്ജര കര്‍മ്മദ്രവ്യത്തിന്റെ വിഘടനവും നാശവും)യും കരഗതമാകും. സംയമം (ആത്മനിയന്ത്രണം), സൂനൃതം (truthfulness), ശൗചം (purtiy), ബ്രഹ്മം എന്ന ബ്രഹ്മചര്യം (chastity), അകിഞ്ചനതാ (ഒന്നിനോടും ഒട്ടും ആര്‍ത്തിയില്ലായ്മ), തപസ്സ് (asceticism), ക്ഷാന്തി (ക്ഷമ, സഹനശേഷി), മാര്‍ദവം (mildness), ഋജുതാ (sincertiy), മുക്തി (എല്ലാ പാപങ്ങളില്‍ നിന്നും മോചനം അഥവാ സ്വാതന്ത്ര്യം) എന്നീ പത്തു ഗുണങ്ങളുടെ ആചരണം മാത്രമാണ് നമ്മെ അഭ്യുന്നതിയിലേക്കു നയിക്കുന്ന സഹായികള്‍, ഇവ മാത്രമാണ് നമുക്ക് ആശ്രയങ്ങള്‍, ലോകക്രമത്തെ നിലനിര്‍ത്തുന്നത് ഇവയാണ് എന്നു ചിന്തിക്കണം. ഇതിന് ധര്മ്മസ്വാഖ്യാതതാഭാവനാ എന്നു പേര്.
ജൈനമാര്ഗത്തിലെ പ്രപഞ്ചകല്പന, മനുഷ്യരിലെ വ്യത്യസ്താവസ്ഥകളുണ്ടാക്കുന്ന കര്മ്മസ്വാധീനത്തിന്റെ സ്വഭാവം എന്നിവയെപ്പറ്റി ചിന്തിക്കണം. ഇവയെ ലോകഭാവനാ, ബോധിഭാവനാ എന്നു പറയുന്നു. മേല്‍പ്പറഞ്ഞ ഭാവനകളുടെ നിരന്തരമായ അഭ്യാസത്താല്‍ വീതരാഗനും സമദര്‍ശിയും ലൗകികഭോഗങ്ങളില്‍ അനാസക്തനും ആകും. രാഗാകുലത മാറി ശാന്തി നിറഞ്ഞ മനസ്സോടെ ആഴത്തിലുള്ള ധ്യാനത്തിലേക്കു കടക്കണം. മനസ്സിന്റെ സമത്വവും ധ്യാനവും പരസ്പരാശ്രിതങ്ങളാണ്. സമത്വമില്ലെങ്കില്‍ ധ്യാനമില്ല ധ്യാനമില്ലെങ്കില്‍ സമത്വമില്ല. ധ്യാനത്തിലൂടെ മനസ്സിനു സ്ഥൈര്യമുണ്ടാക്കാന് സാര്‍വലൗകികമായ മൈത്രി (universal friendship), പ്രമോദം (മറ്റുള്ളവരുടെ നല്ല വശങ്ങളെ മാനിക്കുന്ന ശീലം), സാര്‍വലൗകികമായ കരുണാ (universal compassion), മാധ്യസ്ഥം (പാപകര്‍മ്മം ചെയ്യുന്നവരോട് ഉദാസീനഭാവം) എന്നിവയെ ചിന്തിക്കണം.
ജൈനപ്രാര്ത്ഥനാമന്ത്രങ്ങളിലെ അക്ഷരങ്ങളില്‍ ശ്രദ്ധിക്കുന്നതാണ് ഈ മാര്‍ഗത്തിലെ ധ്യാനം. ഈ ധ്യാനാഭ്യാസം മനസ്ഥൈര്യം, സമത്വം, അക്ഷോഭ്യത്വം എന്നിവ കൈവരിക്കാനുതകുന്നത് എന്ന നിലക്കാണ് സ്വീകരിച്ചിരിക്കുന്നത്. കര്മ്മവസ്തുക്കളുടെ പരിപൂര്ണ്ണനാശത്തിലേ മോക്ഷം കൈവരൂ. ജൈനയോഗം മനശ്ശുദ്ധിക്കുതകുന്ന സദാചാരപാലനമാണ്, ആ നിലക്ക് അത് പാതഞ്ജലയോഗം, ബൗദ്ധയോഗം എന്നിവയില്‍ നിന്നും വ്യത്യസ്തമാണ് എന്നു കാണാം. ജൈനദര്‍ശനത്തിലെ മോക്ഷസ്വരൂപം ദു:ഖത്തില്‍ നിന്നുള്ള മോചനവും സുഖപ്രാപ്തിയുമാണ് ജീവികള്‍ ആഗ്രഹിക്കുന്നത്. മോക്ഷം എന്നാല്‍ ആത്മാവിന്റെ പരിശുദ്ധസുഖാവസ്ഥയാണ്. അതിനാലാണ് മനുഷ്യന് മോക്ഷത്തെ ജീവിതലക്ഷ്യമായി കരുതുന്നത്. ഇത് അനന്തജ്ഞാനം (infinite knowledge), അനന്തദര്‍ശനം (infiniteperception) എന്നിവയുടെ അവസ്ഥയുമാണ്.
ജീവാത്മാവിന്റെ സംസാരാവസ്ഥയില്‍ കര്മ്മാവരണങ്ങളാല് ഈ ശുദ്ധിക്കു മങ്ങലേറ്റിരിക്കുന്നു. ആ കര്മ്മാവരണങ്ങളുടെ വൈകല്യത്താല്‍ ഈ വസ്തു, ആ വസ്തു, ഈ സമയം, ആ സമയം എന്നിങ്ങനെയെല്ലാമുള്ള അറിവ് സാധാരണ അറിവ് (മതി), കേട്ടറിവ് (ശ്രുതം), യോഗനിദ്രാ, ഹിപ്നോട്ടിസം എന്നിവയിലൂടെയുള്ള അതീന്ദ്രിയപ്രത്യക്ഷം (അവധി), മറ്റുള്ളവരുടെ ചിന്ത വായിച്ചെടുക്കല്, മനഃപര്യായം, (thoughtreading) തുടങ്ങിയവ വഴിയാണ് കിട്ടുന്നത്. എന്നാല്‍ മുക്താവസ്ഥയില്‍ അതായത് കേവലാവസ്ഥയില്‍ (കൈവല്യം) കേവലജ്ഞാനം (omniscience) ഉണ്ടാകുന്നു. കേവലിയ്ക്ക് എല്ലാ അറിവും ഒരുമിച്ചു കൈവരുന്നു. സംസാരാവസ്ഥയില്‍ ആത്യന്തികസത്തയ്ക്കു മാറ്റം വരുന്നില്ലെങ്കിലും ആത്മാവില്‍ പല പല അവസ്ഥാന്തരങ്ങളിലൂടെ പുതിയ പുതിയ തരം ഗുണങ്ങളുണ്ടാകുക വഴി എപ്പോഴും മാറ്റം സംഭവിക്കുന്നു. മുക്താവസ്ഥയിലാകട്ടെ അനന്തജ്ഞാനം തുടങ്ങിയ ഒരേ തരം ഗുണങ്ങളുടെ ആവര്‍ത്തനം മാത്രമാണുളളത്. മറ്റൊരു കാര്യം കൂടിയുണ്ട്. കര്‍മ്മങ്ങള്‍ ഓരോ അവസ്ഥയിലും മനുഷ്യനെ പുനര്നിര്വചിച്ചുകൊണ്ടിരിക്കുമ്പോഴും സത്കര്‍മ്മം ചെയ്യാനുള്ള അനന്തവീര്യം, ശേഷി അവനില്‍ അന്തര്‍ലീനമാണ്. കര്മ്മത്തിന് ചില നേരങ്ങളില്‍ ഈ ശേഷിയെ, ഈ സ്വാതന്ത്ര്യത്തെ മറച്ചുപിടിക്കാന്‍ കഴിയുമെങ്കിലും ഒരിക്കലും കീഴ്പ്പെടുത്താനാകില്ല. അതുകൊണ്ടാണ് ഈ ശക്തി ഉപയോഗിച്ച് മനുഷ്യന് കര്‍മ്മത്തെ അതിജീവിക്കാനും മുക്തനാകാനും സാധിക്കുന്നത്. ഈ അനന്തവീര്യം അവനില്‍ ഇല്ലായിരുന്നുവെങ്കില്‍ അവന് എന്നന്നേക്കും സംസാരബന്ധമുണ്ടാക്കിയ സഞ്ചിതകര്മ്മത്തിനടിപ്പെട്ടുഴലുമായിരുന്നു. ഈ അനന്തവീര്യമുള്ളതിനാല്, കര്മ്മത്തിന് മനുഷ്യന്റെ മുന്നോട്ടുപോക്കില്‍ ചില തടസ്സങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നല്ലാതെ, ആത്യന്തികശുഭം നേടുന്നതില്‍ നിന്നും അവനെ തടയാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: