‘രാ’രാഹുല്‍ എന്തും പറയട്ടെ, അനധികൃതമായി നുഴഞ്ഞു കയറിയ ഓരോ വ്യക്തിയെയും തിരഞ്ഞു പിടിച്ച് 2024നകം ഭാരതത്തിന്റെ അതിര്‍ത്തിക്കു പുറത്തേക്ക് പറഞ്ഞു വിടും’. ജാര്‍ഖണ്ഡിലെ ജനസഞ്ചയത്തെ മുന്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് നല്‍കിയ ഉറപ്പാണത്. അദ്ദേഹംതന്നെ ലോക്‌സഭയില്‍ പൗരത്വ (ഭേദഗതി) ബില്ല് അവതരിപ്പിച്ചുകൊണ്ട് രാജ്യത്തിന് മറ്റൊരു ഉറപ്പും നല്‍കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് മതപരമായ കാരണങ്ങളാല്‍ കൊടും പീഡനത്തിന് ഇരയായി ഭാരതത്തിലേക്ക് ഓടിയെത്തിയ ഹിന്ദുക്കളും ക്രിസ്ത്യാനികളും പാഴ്‌സികളും ബൗദ്ധരും ജൈനരും സിഖുകാരും അടങ്ങുന്ന അഭയാര്‍ത്ഥികളുടെ സമൂഹത്തെ ആദരപൂര്‍വ്വം ഭരണഘടനാപരമായ വഴികളിലൂടെ ഭാരതത്തിന്റെ പൗരത്വം നല്‍കി അംഗീകരിക്കും. നുഴഞ്ഞു കയറി രാജ്യം നശിപ്പിക്കുന്നതിനൊരുങ്ങുന്നവരെ നിഷ്‌കരുണം ചവിട്ടി പുറത്താക്കാനും മറ്റെങ്ങും പോകാനിടമില്ലാതെ ഭാരതത്തിലേക്ക് അഭയം തേടിയെത്തിയവരെ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്യുവാനും നരേന്ദ്ര മോദി സര്‍ക്കാര്‍ നിശ്ചയിച്ചു കഴിഞ്ഞൂയെന്നതാണിവിടെ വ്യക്തമാകുന്നത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ ഭാരതത്തിലാകെ നടപ്പില്‍ വരുത്തുകയും പൗരത്വ (ഭേദഗതി) ബില്ല് പ്രയോഗതലത്തില്‍ വരികയും ചെയ്യുന്നത് ദേശസുരക്ഷയ്‌ക്കും ദേശീയ വിഭവവിനിയോഗം അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തന്നതിനും ഇടവരുത്തും. ഇതാണ് ഈ കാല്‍വയ്‌പ്പുകള്‍ ഭാരതീയ പൊതുസമൂഹത്തിനു നല്‍കുന്ന കൃത്യമായ സൂചന.
ഈ രണ്ടു പ്രഖ്യാപനങ്ങളും കേട്ടു മുട്ടുകൂട്ടിയിടിക്കുന്ന അവസ്ഥയിലേക്ക് സോണിയയും രാഹുലും ഒവൈസിയും കുഞ്ഞാലിക്കുട്ടിയും യെച്ചൂരിയും ഡി. രാജയും മമതയും ഉള്‍പ്പെടുന്ന ദേശവിരുദ്ധ രാഷ്‌ട്രീയവും ഹിന്ദുവിരുദ്ധ വര്‍ഗീയതയും അജണ്ടയായിട്ടുള്ള ‘ഗഡ്ബഡ് ബന്ധന്‍’ (കുഴപ്പക്കാരുടെ കൂട്ടായ്‌മ) എത്തിയിരിക്കുകയാണ്. അവരുടെ ഭയം സ്വാഭാവികമാണ്. മടിയില്‍ കനമുള്ളവരാണ്. വഴിയില്‍ ഭയപ്പെടാന്‍ ഏറെയുണ്ട്. സോണിയയ്‌ക്കും, രാഹുലിനും പ്രിയങ്കയ്‌ക്കും പൗരത്വ രജിസ്റ്ററില്‍ സ്ഥാനം ലഭിക്കുവാന്‍ കടക്കേണ്ട കടമ്പകള്‍ പലതും കഠിനമായിരിക്കുമെന്ന പൊതുസമൂഹത്തിന്റെ സ്വാഭാവിക സംശയങ്ങള്‍ ശരിയാണെന്ന് വന്നാല്‍ അവരുടെ ഭയത്തിന്റെ മറ്റൊരു തലം കൂടി തെളിഞ്ഞു വരും.
വിദേശ-സ്വദേശ ഉറവിടങ്ങളില്‍നിന്ന് ഒഴുകിയെത്തി കുമിഞ്ഞുകൂടിയ കള്ളപ്പണവും പാക്-ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിനെതിരെ കണ്ണടച്ചും പ്രോത്സാഹിപ്പിച്ചും സമ്മതിദായക സമൂഹത്തില്‍ നേടിയെടുത്ത മേല്‍ക്കയ്യും ജനാധിപത്യത്തെ അട്ടിമറിച്ച് സ്വന്തം കാല്‍ക്കീഴിലാക്കുവാന്‍ ദേശവിരുദ്ധ കൂട്ടായ്‌മയ്‌ക്ക് എന്നും കുറുക്കുവഴികള്‍ തുറന്നുകൊടുത്തിരുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കള്ളപ്പണത്തിനെതിരെയുള്ള സന്ധിയില്ലാത്ത പടപ്പുറപ്പാടിലാണ് ഇന്ത്യ. അതിലേറ്റവും ശക്തമായ പ്രഹരമായിരുന്നു നോട്ടുനിരോധനം.
നുഴഞ്ഞു കയറ്റക്കാര്‍ക്ക് വ്യാജ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇലക്ട്രല്‍ കാര്‍ഡും തയാറാക്കി നല്‍കി. അവരെ പോളിങ് ബൂത്തിലെത്തിച്ച് അവരുടെ വോട്ടു നേടി തിരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പാക്കി. ഇതായിരുന്നു സ്ഥാപിത താല്‍പര്യമുള്ള രാഷ്‌ട്രീയ ശക്തികള്‍ അനുവര്‍ത്തിച്ചു പോന്ന രണതന്ത്രം. ദേശവിരുദ്ധ രാഷ്‌ട്രീയവും ഹിന്ദുവിരുദ്ധ വര്‍ഗീയതയും അജണ്ടയായുള്ള രാഷ്‌ട്രീയ കക്ഷികളുടെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂട ഘടകങ്ങളുടെയും സംരക്ഷണം ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആവോളം ലഭിച്ചുകൊണ്ടിരുന്നു.
നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ലോക്‌സഭയിലവതരിപ്പിച്ച പൗരത്വ നിയമ ഭേദഗതി ബില്‍ കള്ളവോട്ടിനറുതി വരുത്തുന്നതിനിടയാക്കും. അതിനാല്‍ത്തന്നെ നോട്ട്‌നിരോധനത്തിലൂടെ ഗണ്യമായി കള്ളപ്പണം നഷ്ടപ്പെട്ടത് മൂലമുണ്ടായ രാഷ്‌ട്രീയ തിരിച്ചടി വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന ഭയമാണ് ഈ ബില്ലിനെതിരെയുള്ള നിലപാടുകളിലും നിഴലിക്കുന്നത്.
ഭയം മൂത്ത് ഭ്രാന്താകുന്ന അവസ്ഥയ്‌ക്കാണ് ബില്ലിന്റെ അവതരണ വേളയില്‍ ലോക്‌സഭ സാക്ഷ്യം വഹിച്ചത്. ബില്ല് അവതരണംതന്നെ എതിര്‍ത്തുകൊണ്ടാണ് ജനാധിപത്യ മൂല്യങ്ങളും പാര്‍ലമെന്റ് പ്രവര്‍ത്തന മര്യാദകളും മാനിക്കാന്‍ തയ്യാറല്ലായെന്ന് പ്രതിപക്ഷം വിളിച്ചറിയിച്ചത്. ആര്‍ട്ടിക്കിള്‍ 14 നല്‍കുന്ന നിയമത്തിനു മുമ്പില്‍ തുല്യത ഉറപ്പാക്കുന്ന അവകാശം ഹനിക്കപ്പെടുന്നതിന് ഇടവരുത്തുമെന്നും അങ്ങനെ സംഭവിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിനും ഭാവത്തിനും എതിരാകുമെന്ന വാദം ഉയര്‍ത്തി ബില്ലിന് അവതരണാനുമതി നിഷേധിക്കണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം. പക്ഷേ അതേ വകുപ്പിന്റെ അടിസ്ഥാന ഭാവത്തില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ അര്‍ഹതപ്പെട്ടതും നീതീകരിക്കാവുന്നതും ന്യായീകരിക്കാവുന്നതുമായ തരത്തില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു പ്രത്യേക ജനവിഭാഗത്തിന് നീതി ഉറപ്പാക്കുവാന്‍ വേണ്ടി നിയമ നിര്‍മാണം നടത്തുന്നതിന് പാര്‍ലമെന്റിന് അവകാശമുണ്ടെന്ന വാദം ആഭ്യന്തരമന്ത്രി അമിത് ഷാ ശക്തമായി ഉന്നയിച്ചപ്പോള്‍ സഭ ബില്ലവതരണത്തിന് മടികൂടാതെ പച്ചക്കൊടി കാട്ടി. അങ്ങനെയൊരു സാദ്ധ്യതയും സ്വാതന്ത്ര്യവും ആര്‍ട്ടിക്കിള്‍ 14 അനുവദിക്കുന്നില്ലെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും മറ്റും വിശേഷ അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 29ഉം 30ഉം എങ്ങനെ നിലനില്‍ക്കുമെന്ന ശരാശരി മനുഷ്യന്റെ സ്വാഭാവിക സംശയവും ലോക്‌സഭയിലുയുര്‍ന്നു. ആ ചോദ്യം മര്‍മത്ത് കൊണ്ടതുകൊണ്ടാകാം സോണിയയോ രാഹുലോ ഒവൈസിയോ കുഞ്ഞാലിക്കുട്ടിയോ തൃപ്തികരമായി ഒരു ഉത്തരം നല്‍കാന്‍ ശ്രമിക്കുകപോലും ചെയ്തില്ല.
1955ലെ പൗരത്വ നിയമത്തിന് 2019ല്‍ കൊണ്ടുവന്ന ഭേദഗതി ഒരു തവണ വായിച്ചാല്‍ തന്നെ മനസ്സിലാക്കാം; അത് ഒരു തരത്തിലും ഭാരതത്തിന്റെ മതനിരപേക്ഷ നയസമീപനത്തിനെതിരല്ലായെന്ന്. ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം നടത്തുന്ന കുപ്രചരണങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. ഈ ബില്ല് ഇപ്പോള്‍ ഇവിടെ പൗരത്വമുള്ള ഹിന്ദുവിനോ മുസ്ലിമിനോ ക്രിസ്ത്യാനിക്കോ മറ്റുള്ളവര്‍ക്കോ എന്തെങ്കിലും വിശേഷാല്‍ അവകാശമോ ആനുകൂല്യമോ നല്‍കുന്നില്ല. അവരിലാരെങ്കിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും അവകാശങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കുന്നുമില്ല. അതുകൊണ്ടുതന്നെ, നിലവിലുള്ള പൗരന്മാര്‍ക്ക് ഈ ബില്ല് ഒരു ഭീഷണിയ്‌ക്കും ഇട നല്‍കുന്നില്ല.
ബില്ല് നിയമമായിക്കഴിഞ്ഞാല്‍ പ്രയോജനപ്പെടുന്നവരുടെ ശ്രേണി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. ഇസ്ലാമിക രാഷ്‌ട്രങ്ങളും ഇന്ത്യന്‍ അതിര്‍ത്തി പങ്കിടുന്നവരുമായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, എന്നീ മൂന്നു രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനത്തിരയായി പലായനം ചെയ്ത് 2014 ഡിസംബര്‍ 31നു മുമ്പ് ഭാരതത്തില്‍ അഭയം തേടിയ ഹിന്ദുക്കളും സിഖുകാരും ബൗദ്ധരും ജൈനരും പാഴ്‌സികളും ക്രിസ്ത്യാനികളുമാണ് ആ ശ്രേണിയില്‍ പെടുന്നത്. അതില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയില്ലായെന്നു പറഞ്ഞ് ഉറഞ്ഞു തുള്ളുന്നവര്‍ അവരുടെ കടന്നാക്രമണങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും ന്യായീകരണം നടത്താന്‍ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാം മതാനുയായികള്‍ ഭൂരിപക്ഷമാണെന്നതില്‍ അവര്‍ക്കു സംശയമുണ്ടോ? ന്യൂനപക്ഷമെന്ന നിലയ്‌ക്കുള്ള പീഡനത്തിന് ഇരയാക്കപ്പടാന്‍ ഇടയില്ലാത്തതുകൊണ്ട് ആ വിഭാഗത്തെ ഈ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതില്‍ എന്താണ് അപാകത? അതല്ലാ, ഏതെങ്കിലും കാരണവശാല്‍ അങ്ങനെയാരെങ്കിലും ഉണ്ടെന്നുണ്ടെങ്കില്‍ അവരാരാണെന്നും എവിടെയാണെന്നും ചൂണ്ടിക്കാട്ടിയാകരുതോ കൂടുതല്‍ ബഹളം? 2014 ഡിസംബര്‍ 31നു മുമ്പ് വന്നവര്‍ എന്ന് കൃത്യമായി നിര്‍വചിച്ചിട്ടുള്ളതുകൊണ്ട് അങ്ങനെയുള്ളവരുണ്ടെങ്കില്‍ അത് എടുത്തു പറയുന്നതിന് എന്തിനു മടിക്കണം? ന്യൂനപക്ഷപീഡനത്തിനിരയായി ആ രാജ്യങ്ങളില്‍ നിന്ന് ആറ്‌വര്‍ഷം മുമ്പ് ഇന്ത്യയില്‍ അഭയം തേടിയെത്തിയവരെ ഭരണഘടനാപരമായി മാന്യതയോടെ സ്വീകരിക്കുകയാണ് ഈ നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം. ഭാവിയില്‍ വരാനിടയുള്ളവര്‍ക്കു വേണ്ടി ക്ഷണപത്രിക നല്‍കുകയല്ല.
വിചിത്രമായ ചില വിമര്‍ശനങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നു. ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന്. ഈ രാജ്യങ്ങളില്‍ നിന്നും മതന്യൂനപക്ഷമെന്ന നിലയില്‍ പീഡനമേറ്റവരാരും ഇന്ത്യയില്‍ അഭയം തേടിയിട്ടില്ലായെന്നതുതന്നെ കാരണം. പക്ഷം പിടിക്കാതെ സത്യം തിരിച്ചറിയാന്‍ മനസ്സുവെച്ചാല്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമ നിര്‍മാണം ഏതെങ്കിലും ഒരു മത വിഭാഗത്തിനെതിരല്ലെന്നും മതനിരപേക്ഷതയില്‍ വിട്ടുവീഴ്ച കാണിക്കുന്നതല്ലെന്നും കാലം പരിഹരിക്കാന്‍ ബാക്കിവെച്ച വിഷയത്തിലുള്ള ഒരു സകാരാത്മക ഇടപെടലാണെന്നും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കപ്പെടും. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഇപ്പറഞ്ഞ ന്യൂനപക്ഷങ്ങള്‍ നേരിടേണ്ടി വന്ന മതപരമായ പീഡനങ്ങള്‍ അത്രയേറെയുണ്ട്. നിര്‍ബന്ധിത മതംമാറ്റം, അതിക്രൂരമായ സ്ത്രീ പീഡനങ്ങള്‍, പിടിച്ചുപറി തുടങ്ങിയ എത്രയെത്ര അനുഭവങ്ങള്‍! അഭയം തേടി ഇവര്‍ ഇന്ത്യയിലേക്ക് ഓടിയെത്തിയഅഭയാര്‍ത്ഥികള്‍ അടി വാങ്ങുമ്പോഴും നുഴഞ്ഞുകയറിയവര്‍ സ്വീകരണതാലങ്ങള്‍ ഏറ്റുവാങ്ങിയെന്ന വിരോധാഭാസവും രാജ്യത്ത് അരങ്ങേറി. മമതയുടെ ബംഗാള്‍ ഭരണം ഒരുപടികൂടി മുന്നോട്ടു പോയി. നുഴഞ്ഞു കയറ്റക്കാരെ കൂട്ടു പിടിച്ച് അഭയാര്‍ത്ഥികളെ അടിച്ചൊതുക്കുന്ന ക്രൂരരാഷ്‌ട്രീയ ഗുണ്ടായിസമായിരുന്നു അവിടെ നടന്നത്.
വേട്ടയാടപ്പെട്ട് അഭയം തേടിയെത്തിയവരെ മാന്യതയോടെ സ്വീകരിച്ച് പൗരത്വം നല്‍കുന്നതിന് ലോക്‌സഭ പാസ്സാക്കിയ ബില്ല് നിയമമാകണം. ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രാവര്‍ത്തികമാക്കണം. വീണ്ടും രാജ്യത്തെ വെട്ടിമുറിക്കുവാന്‍ ഒളിച്ചു കയറിയവരെ കണ്ടെത്തി നിര്‍ദ്ദയം പുറത്താക്കുകയും വേണം.
(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകന്‍)
















