തിരുവനന്തപുരം: പ്രജ്ഞാ ഭാരത് ദേശീയ തലത്തിൽ സൈക്കോമെട്രിക് അഭിരുചി പരീക്ഷ നടത്തുന്നു. കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പിനു കീഴിലുള്ള വിജ്ഞാന്‍ പ്രസാര്‍ – അക്കാദമിക് പങ്കാളിയും, അടല്‍ ഇന്നോവേഷന്‍ മിഷന്‍ – ഇന്‍സ്റ്റിട്യൂഷന്‍ പങ്കാളിയും, ദേശീയ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ – റിസര്‍ച്ച് പങ്കാളിയും, ലൈഫ് ഫൗണ്ടേഷന്‍ സംയോജക പങ്കാളിയും, വിഭാ വാണി ഇന്ത്യാ സൊസൈറ്റി പ്രവര്‍ത്തക പങ്കാളിയുമായി ദേശീയ തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ദേശീയ സൈക്കോമെട്രിക് അഭിരുചി പരീക്ഷ.
കുട്ടികളുടെ ശരിയായ കഴിവിനെ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് അവര്‍ ആഗ്രഹിക്കുന്ന കരിയർ തലത്തിലേക്ക് എത്തിക്കുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സഹായിക്കാന്‍ കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുട്ടിക്ക് പരീക്ഷാ ഫീസായി 299 രൂപ നല്‍കേണ്ടതുണ്ട്. അപേക്ഷകള്‍ ഓണ്‍ ലൈനായി അവരവര്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
6-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരേയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റജിസ്റ്റര്‍ ചെയ്യുന്ന ഓരോ കുട്ടിക്കും ഓരോ കോഡും പാസ് വേര്‍ഡും ലഭിക്കും. ഈ പാസ് വേര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ എല്ലാ നിര്‍ദ്ദേശങ്ങളും ലഭിക്കും. 2020 ജനുവരി 15 മുതല്‍ 30 വരെ തിയതിയ്‌ക്കുള്ളില്‍ സൗകര്യപ്രദമായ ഏത് ദിവസവും പരീക്ഷയ്‌ക്കായി അപേക്ഷകന് തെരെഞ്ഞെടുക്കാം. നിര്‍ദ്ദേശിക്കുന്ന 10 ദിവസത്തിനുള്ളില്‍ എവിടെവെച്ചും ഓണ്‍ലൈനായി ഈ പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷക്കു ശേഷവും താല്പര്യപ്പെടുന്ന കുട്ടികള്‍ക്ക് കരിയര്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : https://prajnabharat.org/
















