കോട്ടയം: ഇന്ത്യന്‍ നിര്‍മിത കലാഷ്നിക്കോവ് എകെ 203 തോക്കുകള്‍ ലോകത്തെ വിറപ്പിക്കുന്നതെന്ന് വിലയിരുത്തല്‍. ഏത് കാലാവസ്ഥയിലും തീ തുപ്പാന്‍ കെല്‍പ്പുള്ള അസാള്‍ട്ട് റൈഫിളാണ് എകെ 203.
ഒരു മിനിറ്റില്‍ അറുനൂറ് വെടിയുണ്ടകള്‍ ശത്രുപാളയത്തിലേക്ക് പായിക്കാന്‍ പറ്റുമെന്നതാണ് തോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കൃത്യതയോടെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എകെ 203 എന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ സ്മാള്‍ ആംസ് പ്രൊഡക്ഷന്‍ പ്ലാന്റിലാണ് യന്ത്രത്തോക്കുകള്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പ്രതിരോധ മേഖലയിലെ മുന്നേറ്റത്തിനായി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇവയില്‍ ആദ്യമായി പുറത്തിറങ്ങാന്‍ പോകുന്നത് എകെ 203 ആയിരിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കലാഷ്നിക്കോവ് അസാള്‍ട്ട് തോക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യ സാങ്കേതികവിദ്യ കൈമാറിയത്. ഏഴു ലക്ഷത്തോളം എകെ 203 തോക്കുകളാണ് അമേഠിയില്‍ ഒരുങ്ങുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന യന്ത്രത്തോക്കുകള്‍ നയതന്ത്ര സൗഹൃദമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
നാറ്റോ ഗ്രേഡ് 7.62 എംഎംഎക്സ് 39 എംഎം വെടിയുണ്ടകളാണ് തോക്കുകളില്‍ നിറയ്ക്കുന്നത്. ഇത് സാധാരണ ഉപയോഗിക്കുന്ന 5.56 എംഎം വെടിയുണ്ടകളേക്കാള്‍ ആഘാതമുണ്ടാക്കും. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. ജിപി-34 ഗ്രനേഡ് ലോഞ്ചറുകളും, ബയണറ്റും ഘടിപ്പിക്കാനുള്ള സൗകര്യവും തോക്കുകളിലുണ്ട്.
സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇതിനോടകം അര്ജുന് ടാങ്കുകളും, തേജസ് യുദ്ധവിമാനങ്ങളും സേനകളുടെ ഭാഗമായിട്ടുണ്ട്. ആര്‍ട്ടിലറി ഗണ്ണുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു.
”പന്ത്രണ്ട് ലക്ഷം പട്ടാളക്കാരാണ് കരസേനയിലുള്ളത്. ഇവരില്‍ ഒന്‍പത് ലക്ഷത്തോളം സൈനികര്‍ക്ക് എപ്പോഴും തോക്കുകള്‍ ആവശ്യമാണ്. ഇതുവരെ നല്ലൊരു യന്ത്രത്തോക്ക് ഇന്ത്യക്ക് നിര്‍മിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന എകെ 203 വിഭാഗത്തിലെ യന്ത്രത്തോക്കുകള്‍ ശക്തമായ ആയുധമാണ്. ഇത് പട്ടാളത്തിനൊപ്പം അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാനാകും. എല്ലാ ആയുധങ്ങളും രാജ്യത്ത് തന്നെ നിര്‍മിക്കാന്‍ സാധിക്കണം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രതിരോധ മേഖലയ്ക്ക് വന്‍ കുതിപ്പാണുണ്ടാക്കിയത്.” ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് (മുന്‍ കരസേന ഉപമേധാവി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: