ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ശിവസേനയില്‍ കടുത്ത ഭിന്നത. മുഖപത്രമായ സാമ്നയില്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലോക്സഭയില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ടുചെയ്തു. എന്നാല്‍ രാജ്യസഭയില്‍ പിന്തുണയ്ക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് വ്യക്തമാക്കി സേന ഇന്നലെ വീണ്ടും മലക്കം മറിഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കൊപ്പമായിരുന്നു ശിവസേന. പൗരത്വ ഭേദഗതി ബില്‍ പാസാക്കുമെന്നത് സഖ്യത്തിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സും എന്‍സിപിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് അടിസ്ഥാന നിലപാടില്‍ സേന വെള്ളംചേര്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലെ സഖ്യം കണക്കിലെടുത്ത് ബില്ലിനെ അനുകൂലിക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടക്കത്തില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ലോക്സഭാ എംപിമാര്‍ വിഷയത്തില്‍ ബിജെപിക്കൊപ്പമാണെന്ന സൂചന നല്‍കിയതോടെ വ്യക്തമായ നിലപാടെടുക്കാതെ ഉദ്ധവ് പി
ന്മാറി. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ബില്ലിനെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ എംപി അരവിന്ദ് സാവന്ത് പൊതുമിനിമം പരിപാടിക്ക് മഹാരാഷ്ട്രയില്‍ മാത്രമാണ് പ്രസക്തിയെന്ന് തുറന്നടിച്ചത് കോണ്‍ഗ്രസ്സിനും എന്‍സിപിക്കും പുറമെ ഉദ്ധവിനുള്ള താക്കീത് കൂടിയായി. രാജ്യത്തെ അദൃശ്യമായി വിഭജിക്കുന്നതാണ് ബില്ലെന്ന് നേരത്തെ സാമ്ന കുറ്റപ്പെടുത്തിയിരുന്നു. ഉദ്ധവിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള രാജ്യസഭാ എംപി സഞ്ജയ് റാവത്താണ് സാമ്നയുടെ എഡിറ്ററെന്നതും ശ്രദ്ധേയമാണ്.
ബില്ലിനെ അനുകൂലിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് എംപി വിനായക് റാവുത്ത് ലോക്സഭയില്‍ പ്രസംഗിച്ചത്. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും ബാല്‍ താക്കറെ ഇത് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി അംഗങ്ങള്‍ കരഘോഷം മുഴക്കി. ബില്ലിനെ പിന്തുണച്ചതിന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ശിവസേനക്ക് നന്ദി അറിയിച്ചു.
ഇതിനിടെ ശിവസേനയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ബില്ല് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിസ്ഥാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇതോടെയാണ് തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന ഒഴുക്കന്‍ മറുപടിയുമായി ഉദ്ധവ് മുഖംരക്ഷിക്കാന്‍ ശ്രമം നടത്തിയത്.
‘പല്ലും നഖവുമുപയോഗിച്ച്’ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിന് സഖ്യകക്ഷിയായ സേനയുടെ മലക്കം മറിച്ചില്‍ ഞെട്ടലുണ്ടാക്കി. വരും ദിവസങ്ങളില്‍ സഖ്യത്തെ ഉലയ്ക്കുന്ന വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് പാര്‍ട്ടി.
ശിവസേനയുടെ താല്‍പ്പര്യത്തിന് പൂര്‍ണമായും വഴങ്ങിയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മറുവശത്ത് ശിവസേനയും പ്രതിസന്ധിയിലാണ്. ശിവസേന ഹിന്ദുത്വം സോണിയയ്ക്ക് അടിയറ വച്ചുവെന്ന ബിജെപി ആരോപണത്തിന് എക്കാലവും ഹിന്ദുത്വവാദിയായിരുക്കുമെന്ന് നേരത്തെ ഉദ്ധവ് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഹിന്ദുത്വാശയങ്ങള്‍ ഉപേക്ഷിക്കാനും തുടരാനും സാധിക്കാത്ത അവസ്ഥയിലാണ് പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: