മെക്‌സിക്കൊ: മനുഷ്യ ചര്‍മ്മത്തെ അഴുകിക്കാന്‍ കെല്‍പ്പുള്ള പുതിയ ഇനം വിഷ ചിലന്തിയെ കണ്ടെത്തി. നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയിലെ (യുഎന്‍എം) ശാസ്ത്രജ്ഞരാണ് ‘ലൊക്‌സോസെല്‍സ് ടെനോച്റ്റിറ്റ്‌ലാന്‍’ എന്ന പേരുള്ള പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്.
ബയോളജിസ്റ്റും യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ അലജാന്‍ഡ്രോ വാല്‍ഡെസ്-മോണ്‍ഡ്രാഗണ്‍, വിദ്യാര്‍ത്ഥികളായ ക്ലോഡിയ നവാരോ, കാരെന്‍ സോളിസ്, മയറ കോര്‍ട്ടെസ് വൈ അല്‍മ ജുവാരസ് എന്നിവരാണ് പുതിയ ഇനം വിഷ ചിലന്തിയെ കണ്ടെത്തിയതെന്ന് യുഎന്‍എം പറയുന്നു.
വീട്ടുപകരണങ്ങളില്‍ വസിക്കുന്ന ഈ ചിലന്തികളുടെ വിഷം മരണത്തിലെക്ക് നയിക്കിലെങ്കില്‍ക്കൂടി, കടിയെറ്റ ഭാഗത്തെ ചര്‍മ്മത്തില്‍ 40 സെന്റിമീറ്റര്‍ വരെ ആഴത്തില്‍ വിഷം ബാധിക്കാനും, തൊക്ക് അഴുകാനും കാരണമാകും. ഈ ചിലന്തിയുടെ കടിയേറ്റാല്‍ മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ മാത്രമെ കടിയേറ്റയാളെ ഇതില്‍ നിന്നും മോചിതനാക്കാന്‍ സാധിക്കൂ. കടിയേറ്റ പാട് ശരീരത്തില്‍ അതുപോലെ തന്നെ നിലനില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, കുട്ടികളെ ഇതു മരണത്തിലെക്ക് നയിക്കാം. അത്തരത്തിലുള്ള കേസുകള്‍ വളരെ അപൂര്‍വമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഴക്കാലങ്ങളില്‍ ഇവര്‍ കൂടുതല്‍ അപകടകാരികളാണ്. ഇണതേടുന്ന ഈ സമയത്ത് ഇവര്‍ തുണികളിലും, ബെഡ് ഷീറ്റുകളിലും ഷൂസുകളിലും എല്ലാം ഒളിച്ചിരിക്കാന്‍ സാധ്യതയേറെയാണ്. ചിലന്തികളെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം വീടുകള്‍ വൃത്തിയും വെടിപ്പും സൂക്ഷിക്കുക എന്നതുമാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഈ പുതിയ ഇനം വിഷ ചിലന്തികളെ മെക്‌സിക്കൊ പ്രദേശങ്ങളില്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
















