ന്യൂദല്‍ഹി: മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കാനും പറയാനും കോണ്‍ഗ്രസിന് അവകാശമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്‍ അവതരണത്തിന് ശേഷം മറുപടി പറയുമ്പോഴാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ബില്‍ അവതരണ വേളയില്‍ കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ ചൗധരി മതേതരത്വത്തെ കുറിച്ച് ഗംഭീര പ്രസംഗം നടത്തി. കോണ്‍ഗ്രസ് പ്രത്യേകതരം മതേതര പാര്‍ട്ടിിയാണ്. കേരളത്തില്‍ അവരുടെ സഖ്യം മുസ്ലീം ലീഗുമായാണ്. മഹാരാഷ്‌ട്രയില്‍ അവര്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത് ശിവസേനയുമായാണ്. ഇങ്ങനെ ഒരു മതേതര പാര്‍ട്ടിയെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
അതേസമയം, റോഹിങ്ക്യ മുസ്ലീംമുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിഷയം ഉദിക്കുന്നേയില്ലെന്നും അദേഹം പറഞ്ഞു. റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ബംഗ്ലാദേശ് വഴിയാണ്, മ്യാന്മാര്‍ മതനിരപേക്ഷ രാജ്യം ആണ്. അവര്‍ ബംഗ്ലാദേശ് വഴിയാണ് ഇവിടെ എത്തുന്നത്. റോഹിങ്ക്യകളെ കുറിച്ച് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. റോഹിങ്ക്യകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിഷയം ഉദിക്കുന്നേയില്ലെന്ന് അദേഹം ലോകസഭയില്‍ പറഞ്ഞു.
ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നും ഭയത്തിലാണെന്നുമാണ് പറയുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഒരു വിധത്തിലുള്ള ഭയവും ഇന്ത്യയില്‍ ഇല്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് നിങ്ങള്‍ പറഞ്ഞുപരത്തുന്ന വസ്തുതകള്‍ കൊണ്ടാവും. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം ഒരുവിധത്തിലുള്ള ആശങ്കയും വേണ്ടെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ 311 വോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്. 391 അംഗങ്ങള്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. 80 പേര്‍ ബില്ലിനെ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസ്സായത്. ബില്ലിനെതിരെ പ്രതിപക്ഷം പൊള്ളയായ വാഗ്വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിനൊപ്പം നിന്ന ശിവസേനയും കേന്ദ്ര സര്‍ക്കാരിന്റെ ബില്ലില്‍ പിന്തുണയ്‌ക്കുകയാണ് ചെയ്തത്. ആ ന്ധ്ര വൈഎസ്ആര്‍ കോണ്‍ഗ്രസ്സും കേന്ദ്രത്തിന് പിന്തുണ നല്‍കി.
















