കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഒടുവില്‍ ഹൈക്കോടതി നേരിട്ട് നടപടിയെടുക്കുന്നു. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തതും ചുമതലകളില്‍ വീഴ്ച വരുത്തുന്നതുമാണ് ഹൈക്കോടതി ഇടപെടേണ്ടതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. കോടതി നടപടി ഇരുകൂട്ടരുടെയും കഴിവുകേട് തുറന്നു കാടുന്നതുമാണ്.
വയനാട് ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പു കടിയേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ഇതു ചൂണ്ടിക്കാട്ടി എഴുതിയ കത്തും വയനാട് ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇതു സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിയോടു നിര്‍ദ്ദേശിച്ചു.
നവംബര്‍ 20 നാണ് ഷഹ്ല സ്‌കൂളില്‍ പാമ്പു കടിയേറ്റു മരിച്ചത്. യഥാസമയം കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജിയോടു സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം നിര്‍ദ്ദേശിച്ചിരുന്നു. നവംബര്‍ 22 ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ ജഡ്ജി സ്‌കൂള്‍ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഷഹ്ലയുടെ ക്ലാസ് മുറിയില്‍ വലിയ മാളമുണ്ടെന്നും സ്‌കൂളും പരിസരവും ശോചനീയമായ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കും ഗവ. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം കത്തെഴുതിയത്. ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് കുട്ടികളെ തള്ളി വിടാന്‍ ജുഡിഷ്യറിക്ക് കഴിയില്ലെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലെയും പിടിഎ സമിതികളും സ്‌കൂള്‍ മാനേജ്‌മെന്റ് സമിതികളും പ്രവര്‍ത്തനരഹിതമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് പരാതി എഴുതിയിടാനുള്ള പെട്ടി പല സ്‌കൂളുകളിലുമില്ല, പാമ്പു കടിയേറ്റവര്‍ക്കു നല്‍കുന്ന മരുന്ന് സ്‌കൂളുകള്‍ക്ക് സമീപത്തെ മിക്ക ആശുപത്രികളിലുമില്ല, മിക്ക സ്‌കൂളുകളുടെയും പരിസരങ്ങളില്‍ തെരുവു നായ ശല്യവും രൂക്ഷമാണ്, സ്‌കൂളുകളില്‍ വൃത്തിയും വെടിപ്പും ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നില്ല, മിക്ക സ്‌കൂളുകളിലും സാമൂഹ്യ വിരുദ്ധരും അപരിചിതരും കടന്നു കയറുന്നത് തടയാന്‍ സംവിധാനമില്ല, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വം കാട്ടുന്നില്ലെന്നും കത്ത് വ്യക്തമാക്കുന്നു.
















