ജനവികാരം മാനിക്കാതെ ബിജെപിക്കെതിരെ തട്ടിക്കൂട്ടുന്ന അവിശുദ്ധ സഖ്യങ്ങള്‍ക്കുള്ള പാഠമാണ് കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസും ജെഡിഎസും ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചപ്പോള്‍ കന്നഡിഗര്‍ ബിജെപിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും സിറ്റിങ് സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടി.
കേവല ഭൂരിപക്ഷത്തിന് 112പേരുടെ പിന്തുണ ആവശ്യമുള്ള 222 അംഗ നിയമസഭയില്‍ ബിജെപിക്ക് 117 അംഗങ്ങളായി. ഒരു സ്വതന്ത്രന്റെ കൂടി പിന്തുണയോടെ 118 അംഗങ്ങള്‍ ഭരണപക്ഷത്തിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28ല്‍ 25 സീറ്റുകളിലും നേടിയ മിന്നും വിജയത്തിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയം.
2018 മെയ്മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും കന്നഡ മനസ്സ് ബിജെപിക്കൊപ്പമായിരുന്നു. 224ല്‍ 105 സീറ്റില്‍ ബിജെപിക്ക് വിജയം. പത്തോളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ വോട്ടിന് പരാജയം.
ഭരണത്തുടര്‍ച്ചാ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 122 സീറ്റില്‍ നിന്ന് 79ലേക്ക് പതിച്ചു. ജെഡിഎസ്സ് മൂന്നു സീറ്റുകുറഞ്ഞ് 37ല്‍ എത്തി.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം ഏറ്റവും വലിയ നാണംകെട്ട രാഷ്‌ട്രീയ കളികളാണ് രാജ്യം കണ്ടത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ 37 സീറ്റുമാത്രമുള്ള ജെഡിഎസ്സിന് മുഖ്യമന്ത്രി പദം നല്‍കി കോണ്‍ഗ്രസ് സംസ്ഥാനത്ത് അവിശുദ്ധ സഖ്യം രൂപീകരിച്ചു.
ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ പൂട്ടിയിട്ടു. വീട്ടുകാരോടോ, വിജയിപ്പിച്ച മണ്ഡലത്തിലെ ജനങ്ങളോടോ ഫോണിലൂടെ പോലും സംസാരിക്കാന്‍ അനുവദിച്ചില്ല. ഈ നടപടികളെ എതിര്‍ത്ത എംഎല്‍എമാരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി.
എന്നാല്‍ ചട്ടങ്ങള്‍ മറികടക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല തയ്യാറായില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചു. 2018 മെയ് 17ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇതിനെതിരെ കോണ്‍ഗ്രസും ജെഡിഎസ്സും സുപ്രീംകോടതിയെ സമീപിച്ചു. വിധി അനുകൂലമാക്കാന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്നതായുള്ള വ്യാജ ശബ്ദ രേഖകള്‍ പ്രചരിപ്പിച്ചു.
ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ സുപ്രീംകോടതി വിധിയെ പോലും സ്വാധീനിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ 15 ദിവസം സുപ്രീംകോടതി 48 മണിക്കൂറായി കുറച്ചു. സഭയില്‍ ഭൂരിപക്ഷമില്ലാതായതോടെ 19ന് യെദ്യൂരപ്പ രാജിവച്ചു.
പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ 2018 മെയ് 23ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തി.
ജനവികാരം മാനിക്കാതെയും കോണ്‍ഗ്രസ്, ജെഡിഎസ് വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധവും കണക്കിലെടുക്കാതെയായിരുന്നു സഖ്യ സര്‍ക്കാര്‍ രൂപീകരണം. കര്‍ണാടകത്തില്‍ അധികാരത്തില്‍ തുടരുന്നതിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ തുടക്കമെന്നാണ് കര്‍ണാടകയിലെ സഖ്യത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി സഖ്യ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് സോണിയ ഗാന്ധിയായിരുന്നു. ജെഡിഎസ്സുമായുള്ള ചര്‍ച്ചകള്‍ക്ക് ബിഎസ്പി നേതാവ് മായാവതിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്‍കയ്യെടുത്തു.
സോണിയയുടെ നീക്കത്തെ പ്രതിപക്ഷ കക്ഷികള്‍ വാഴ്‌ത്തി. ബിജെപിയുടെ പരാജയത്തിന്റെ മണിമുഴക്കമെന്ന് മാധ്യമങ്ങള്‍ ആഘോഷിച്ചു. രാഹുലിനെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി. ഇതോടെ, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെല്ലാം എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍, ഇടക്കാല അധ്യക്ഷ സോണിയ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ജനതാദള്‍(യു) മുന്‍ ദേശീയാധ്യക്ഷന്‍ ശരത് യാദവ്, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, അരവിന്ദ് കേജ്‌രിവാള്‍, കെ. ചന്ദ്രശേഖരറാവു, മുന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബുനായിഡു, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയവര്‍ വേദിയില്‍ കൈകോര്‍ത്തു.
എന്നാല്‍ മധുവിധു തീരുംമുന്‍പു തന്നെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ കല്ലുകടി രൂപപ്പെട്ടു. നേതാക്കളെ അനുനയിപ്പിക്കാന്‍ രാഹുലിന് പലപ്പോഴും നേരിട്ട് ഇടപെടേണ്ടിവന്നു. സഖ്യത്തിന് ചുക്കാന്‍ പിടിച്ച മായാവതിയും മമതബാനര്‍ജിയും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി. ഏക ബിഎസ്പി അംഗം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. മന്ത്രിസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും തര്‍ക്കം പലപ്പോഴും പരിധിവിട്ടു.
ലോക്‌സഭാ തെഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ച് മത്സരിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ കാത്തിരുന്നത് ദയനീയ പരാജയം. രാജ്യത്ത് മാതൃകയായി ഉയര്‍ത്തി ക്കാട്ടിയ സഖ്യം വിജയിച്ചത് ഓരോ സീറ്റുകളില്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് സഖ്യം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. പക്ഷെ, ഇത് അവഗണിച്ച് നേതാക്കള്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി.
ഇതോടെ കോണ്‍ഗ്രസിലെ 13, ജെഡിഎസ് മൂന്ന്, ഒരു കെപിജെപി അംഗവും രാജിവച്ചു. ഭൂരിപക്ഷം നഷ്ടമായ കുമാരസ്വാമി സര്‍ക്കാര്‍ 2019 ജൂലൈ 23ന് താഴെ വീണു. തുടര്‍ന്നാണ് വീണ്ടും ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയത്.
ബിജെപിയെ അകറ്റി നിര്‍ത്താന്‍ പരമ്പരാഗത വൈരികളായ കോണ്‍ഗ്രസും ജെഡിഎസ്സും ഒന്നിച്ചപ്പോള്‍ അവരെ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും തള്ളിക്കളഞ്ഞെന്ന് ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.
മഹാരാഷ്‌ട്രയില്‍ ജനവികാരത്തെ മറികടന്ന് ബിജെപിക്കെതിരെ തട്ടിക്കൂട്ടിയ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യത്തേയും കാത്തിരിക്കുന്നതും സമാനമായ ഫലമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: