കണ്ണൂർ: ലൂസി കളപ്പുരയുടെ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’ പ്രസിദ്ധീകരിച്ചതിന് തലശേരി അതിരൂപത കണ്ണുർ ടൗൺ സ്ക്വയറിൽ ഡിസി ബുക്സ് നടത്തിവന്ന പുസ്തകോത്സവം തലശേരി അതിരൂപതക്കാർ പൂട്ടിച്ചു. വൈദികർക്കെതിരെ പരാതിപ്പെട്ടതിനും ആത്മകഥ എഴുതിയതിനും ലൂസിക്കെതിരെ സഭയിലെ ഒരുവിഭാഗം ആൾക്കാർ രംഗത്തുണ്ട്. ഇവർ പ്രകടനമായി കണ്ണൂർ ടൗൺ സ്ക്വയറിലേക്കെത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു.
അക്രമം നിലവിടുമെന്ന് കണ്ടതോടെ പുസ്തകോത്സവം അവസാനിപ്പിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. സഭയിലെ പുരുഷ പുരോഹിതന്മാരുടെ ലൈഗികാക്രമണങ്ങളെക്കുറിച്ച് നിരവധി വെളുപ്പെടുത്തലുകൾ ലൂസി കളപ്പുരയുടെ ആത്മകഥയിലുണ്ട്. ഇതാണ് ഒരു വിഭാഗം ആൾക്കാരെ ചൊടിപ്പിച്ചത്. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ വൈദികർ ശ്രമിച്ചുവെന്നു സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ആത്മകഥയിൽ പറയുന്നു. പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
















