ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി യെദിയൂരപ്പ സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വന്‍ മുന്നേറ്റമാണ് ബിജെപി കര്‍ണാടകത്തില്‍ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന 15 ല്‍ പത്ത് സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും ജെഡിഎസ് ഒരിടത്തും മുന്നേറുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മറ്റൊരു ഇടത്ത് മുന്നിലുള്ളത്.
ഉച്ചയോടെ 15 മണ്ഡലങ്ങളിലെയും ഫലം പുറത്തുവരും. വോട്ടെടുപ്പ് നടന്ന ശിവാജിനഗര്‍, മഹാലക്ഷ്മി ലേ ഔട്ട്, കെആര്‍ പുരം, യശ്വന്ത്പുര എന്നിവിടങ്ങളിലായി ഇന്ന് 13,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. 15 മണ്ഡലങ്ങളിലായി 62.18 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായതിനാല്‍ സ്ഥാനാര്‍ത്ഥികളും നേതാക്കളും ആത്മവിശ്വാസത്തിലാണ്.
15 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സഭയിലെ അംഗസംഖ്യ 222 ആയി ഉയരും. സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപി സര്‍ക്കാരിന് സഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ആറു സീറ്റില്‍ വിജയം അനിവാര്യമാണ്. 224 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ 207 അംഗങ്ങളാണ് ഇപ്പോള്‍ സഭയിലുള്ളത്. ബിജെപി-106, കോണ്‍ഗ്രസ്-67, ജെഡിഎസ്-34 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് ആറു പേരുടെ പിന്തുണ കൂടി വേണ്ടിയിരിക്കെ 10-12 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്ന് ബിജെപി വക്താവ് ജി. മധുസൂദന്‍ പറഞ്ഞു.
















