ശബരിമല: താത്ക്കാലിക ജീവനക്കാരെ മറയാക്കി ദര്‍ശനമുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി ദേവസ്വം ജീവനക്കാരും വിജിലന്‍സും ട്രാവല്‍ ഏജന്‍സികളെ സഹായിക്കുന്നെന്ന് ആരോപണം. താത്ക്കാലിക ജീവനക്കാരെ മറയാക്കിയും ബലിയാടാക്കിയുമാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശബരിമലയെ കറവപ്പശുവാക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തീര്‍ഥാടകരെ ശബരിലയിലെത്തിക്കുന്ന വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചില ടൂര്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നത് വിജിലന്‍സിലെ ചില ഉദ്യോഗസ്ഥരാണെന്നും ആക്ഷേപമുണ്ട്. ഒരു തീര്‍ഥാടകനില്‍ നിന്ന് മാത്രമായി 10,000ല്‍ അധികം രൂപ ഈടാക്കുന്ന ട്രാവല്‍ ഏജന്‍സികളുമുണ്ട്.
നൂറുകണക്കിന് വാഹനങ്ങളാണ് ട്രാവല്‍ ഏജന്‍സികളുടേതായി പ്രതിദിനമെത്തുന്നത്. ഇങ്ങനെയെത്തുന്ന തീര്‍ഥാടകര്‍ക്ക് പമ്പാ ഗണപതി ക്ഷേത്രം മുതല്‍ ദര്‍ശനമടക്കമുള്ള സൗകര്യങ്ങളൊരുക്കി നല്കാന് ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഈ തീര്‍ഥാടകര്‍ക്ക് ദര്‍ശനം മുതല്‍ താമസ സൗകര്യം വരെ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ഒരുക്കും. താമസ സൗകര്യമൊരുക്കി നല്‍കുന്നതിന്റെ മറവിലാണ് തട്ടിപ്പുകളേറെ. 12 മണിക്കൂര്‍ മാത്രമാണ് സന്നിധാനത്ത് മുറികള്‍ വാടകയ്ക്ക് നല്‍കുന്നത്. 750- 3,500 രൂപ വരെ വാടകയുള്ള മുറികള്‍ സന്നിധാനത്തുണ്ട്.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി മുറികള്‍ ബുക്ക് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം താത്ക്കാലിക ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടിയിരുന്നു. സന്നിധാനത്തെ അക്കോമഡേഷന്‍ കൗണ്ടറിന് മുമ്പിലെ സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിജിലന്‍സ് സംഘം പിടികൂടിയത്. പിന്നീട് പിടിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ബോധ്യമായതോടെ ഇവരെ വിട്ടയച്ചുവെന്ന് വിജിലന്‍സ് അറിയിച്ചു. എന്നാല്‍, ഇത് വിജിലന്‍സിന്റെ നാടകമായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: