ഗുരുവായൂര്‍: ഭക്തിയുടെ നിറവില്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി. വ്രതം നോറ്റ് പതിനായിരങ്ങളാണ് ഗുരുപവനപുരിയില്‍ കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് പരിസമാപ്തിയാകും.
വേദിയില്‍ ഇന്നലെ സംഗീതാസ്വാദകര്‍ക്ക് അമൃതധാരയായി പഞ്ചരത്ന കീര്‍ത്തനാലാപനം നടന്നു. കനകപ്രഭ ചൊരിയുന്ന സ്വര്‍ണ്ണക്കോലത്തില്‍ ഭഗവാന് ക്ഷേത്രത്തിലെ അകത്തളത്തില്‍ എഴുന്നള്ളി നില്ക്കുമ്പോള്, പുറത്തെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സംഗീതകുലപതികള്‍ സംഗീതസദസ്സിനെ കീഴടക്കി അരങ്ങുതകര്‍ത്തു. 15 ദിവസം നീണ്ടുനില്‍ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിലെ അതിപ്രധാനമായ സംഗീതവിരുന്നാണ് പഞ്ചരത്ന കീര്‍ത്തനാലാപനം. ഇന്ന് അര്‍ധരാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഒത്തുചേര്‍ന്ന് പാടിക്കഴിയുന്നതോടെ സംഗീതോസവത്തിന് സമാപനമാകും.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്മുറക്കാരായ ഗജവൃന്ദം ഇന്നലെ സ്നേഹപ്രണാമം അര്‍പ്പിച്ചു. രാവിലെ ദേവസ്വത്തിലെ 22 ഗജവീരന്മാര് പങ്കെടുത്ത ഗജഘോഷയാത്രയായി എത്തിയാണ് കേശവന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. രാവിലെ ഒമ്പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് തവില്നാഗസ്വരത്തിന്റെ അകമ്പടിയില്‍ ഘോഷയാത്ര ആരംഭിച്ചു. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ആനയൂട്ടിന് ശേഷമാണ് ഗജഘോഷയാത്ര ആരംഭിച്ചത്. കേശവന്റെ ഛായാചിത്രം വഹിച്ച് ഗജരത്നം പത്മനാഭനും ഗുരുവായൂരപ്പന്റെ ഫോട്ടോ വഹിച്ച് ഗോപീകണ്ണനും, ലക്ഷ്മിദേവിയുടെ ഛായാചിത്രം വഹിച്ച് ബല്‍റാമും ഘോഷയാത്രയ്ക്കു മുന്നില്‍ നീങ്ങി.
പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തി ഭഗവാനെ വണങ്ങിയ ശേഷം ഗുരുവായൂരപ്പ സന്നിധിയിലെത്തിയ ഘോഷയാത്ര, ക്ഷേത്രവും രുദ്രതീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്കു മുന്നില്‍ അണിനിരന്നു. ഗജരത്നം പത്മനാഭന് കേശവന്റെ പ്രതിമ വലംവെച്ച് പ്രണാമം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: