ഇ-മെയില്‍ വഴിയുള്ള ജാതകപരിശോധന രാമശേഷന് വശമില്ലായിരുന്നു. കമ്പ്യൂട്ടര്‍ വഴങ്ങി വരുന്നില്ല എന്നാണെപ്പോഴും തോന്നാറ്.
”കാലം മാറുകയല്ലേ സാര്‍,” ചിറ്റൂരിലെ ശേഷാദ്രി മുന്‍കയ്യെടുത്തു. ”ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് അതല്ലേ സൗകര്യം?”
ശേഷാദ്രി തന്നെ മുന്‍കയ്യെടുത്ത് ഇ-മെയില്‍ വിലാസമുണ്ടാക്കി.
അങ്ങനെ ഇ-മെയിലില്‍ വന്ന ആദ്യ ജാതകം ബാംഗ്ലൂരിലെ ഒരു സുബ്ബരാമന്റേതായിരുന്നു. മകള്‍ക്ക് ഒരു വിവാഹച്ചേര്‍ച്ച നോക്കണം. ഒത്തുവെക്കുമ്പോള് പാപസാമ്യമുണ്ട്, ദശാസന്ധി ദോഷമില്ല. ഏഴു പൊരുത്തവും. ഉത്തമത്തില്‍ ചേര്‍ക്കാം.
വിവാഹം ഭംഗിയായി നടന്നു.
രണ്ടോ മൂന്നോ മാസമേ ആയുള്ളൂ. ഉത്തമത്തില്‍ ചേര്‍ന്നവര്‍ കോടതിക്ക് പുറത്തുവച്ച് പിരിയാന്‍ ധാരണയായി. പ്രധാന കാരണമായി പറയുന്നത് പെണ്‍കുട്ടിയുടെ കൂര്‍ക്കംവലി! കേള്‍ക്കുന്നവര്‍ക്ക് ചിരി തോന്നാം. കൂര്‍ക്കംവലി ഒരു വിവാഹഭംഗ ഹേതുവോ?
കൂര്‍ക്കംവലി എന്നതിനേക്കാള്‍ അതു മറച്ചുവെച്ചു എന്നതാണ് വരന് ഹേതുവായി കണ്ടത്. വിവാഹാനന്തരം മൂന്നുനാള്‍ മാത്രമേ ദമ്പതികള്‍ ഒരു മുറിയില്‍ പാര്‍ത്തുള്ളൂ. അത്രയ്ക്ക് കഠോരമായിരുന്നുവത്രെ കാതു കുത്തിപ്പൊളിക്കുന്ന ചെത്തം. വരന് മൊബൈലില്‍ അതു റെക്കോഡ് ചെയ്തു. ബന്ധുക്കള്‍ക്ക് അയച്ച കൂട്ടത്തില്‍ രാമശേഷനും അയച്ചു.
ശ്വാസകോശത്തില്‍ നിന്നും ശ്വാസം കടന്നുവരുന്ന നാളിയില്‍ ഒന്നര സെന്റിമീറ്റര്‍ വലിപ്പത്തില്‍ ഒരു വളര്‍ച്ച! അതാണ് തടസ്സം. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുശേഷം ചിലപ്പോള്‍ വീണ്ടും പൊടിച്ചുവരും. അപ്പോഴും വേണ്ടിവരും ശസ്ത്രക്രിയ.
വരന്റെ പ്രശ്നം അതൊന്നുമല്ല. ഇത്രയും ഭീകരമായ ഒരു ആരോഗ്യപ്രശ്നം വിവാഹത്തിനു മുന്‍പ് എന്തുകൊണ്ട് പറഞ്ഞില്ല? നിശ്ചിതാര്‍ത്ഥം കഴിഞ്ഞ് രണ്ടോ മൂന്നോ സിനിമകള്‍ക്ക് പോയി. പലതവണ ഹോട്ടലുകള്‍ സന്ദര്‍ശിച്ചു. നിത്യവും മൂന്നും നാലും മണിക്കൂര്‍ മൊബൈലില്‍ കിന്നരിച്ചു. ഒരു വാക്കു പറയാമായിരുന്നില്ലേ?
പോട്ടെ, ഇത്രയും വലിയൊരു പ്രശ്നം വീട്ടുകാര്‍ അറിയാതെ വരുമോ? അവരും എന്തുകൊണ്ട് മറച്ചുപിടിച്ചു!
എല്ലാവരും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നില്ലേ? അങ്ങനെ ചതിച്ചുണ്ടായ ഒരു ബന്ധം ഇനി തുടരാന്‍ വയ്യ.
രാമശേഷന് വലിയ വേദന തോന്നി. താന്‍ കൂട്ടിച്ചേര്‍ത്ത ജീവബിന്ദുക്കള്‍…കാരണമെന്തോ ആകട്ടെ, അവര്‍ വേര്‍പെടുമ്പോള്‍ മനസ്സില്‍ കണ്ണീരു പൊടിയുന്നു.
ഇ-മെയിലിലെ പഴയ ഏട് തുറന്ന് വീണ്ടും ആഗ്രഹസ്ഥിതികള് പരിശോധിച്ചു. പാപസാമ്യം കൃത്യം, കൂട്ടുദശയില്ല, ഏഴ് പൊരുത്തങ്ങളുണ്ട്. ഏതു നിലയ്ക്കും ഉത്തമത്തില്‍ ചേര്‍ക്കാം.
എന്നിട്ടും അവര്‍ പിരിഞ്ഞതെന്തേ? അമ്പതുവര്‍ഷം മുന്പാണെങ്കില് കൂര്‍ക്കംവലി ഒരു ദാമ്പത്യത്തകര്‍ച്ചക്ക് കാരണമാവുമോ? പുതിയ കാലത്തിലാണെങ്കില്‍ കൂടി പുരുഷനാണ് കൂര്‍ക്കം വലിക്കുന്നതെങ്കില്‍ സ്ത്രീ ഉപേക്ഷിക്കുമോ?
അപ്പോള്‍ ആരാണ് സൂത്രധാരന്‍?
ഗ്രഹസ്ഥിതിയോ, മനുഷ്യന്റെ കടുംപിടുത്തങ്ങളോ?
സമാനമായ മറ്റൊരു സംഭവം ദിനകരന് സാര്‍ പറയുമായിരുന്നത് രാമശേഷന് ഓര്‍ത്തു. ഇതുപോലെ ഉത്തമത്തില്‍ ചേര്‍ന്ന ജാതകങ്ങള്‍…ദമ്പതികള്‍ പിരിയാന്കാരണമായത് ‘പഗ്ഗ്’ ഇനത്തില്‍പ്പെട്ട ഒരു നായക്കുട്ടി! സംഭവം നടന്നത് മലേഷ്യയില്‍… അവിടെ സ്ഥിരതാമസമാക്കിയവരാണെങ്കിലും അടിസ്ഥാനപരമായി ഇരുകൂട്ടരും കുംഭകോണത്തുകാര്‍.
പയ്യന് ഒരു പഗ്ഗിനെ വാങ്ങുന്നു. കുഞ്ഞുംനാള്‍ തൊട്ടേ നായപ്രാന്തന് ഏറ്റവും പ്രിയ ഇനമത്രെ പഗ്ഗ്. അതിന് കിടപ്പുമുറിയില്‍ തന്നെ തൊട്ടിലൊരുക്കി. കുളിക്കാന്‍ പ്രത്യേക സോപ്പ്, പ്രത്യേക ഷാമ്പു, എല്ലാം പ്രത്യേകം പ്രത്യേകം. പയ്യന് ഓഫീസിലേക്ക് പോയിക്കഴിഞ്ഞാല്‍ പഗ്ഗിനേയുംകൊണ്ട് പൊറുതിമുട്ടുന്നത് പെണ്‍കുട്ടി. അത് അടുക്കളയില്‍ വന്ന് കാലു നക്കുന്നു, ഇരിപ്പിടങ്ങള്‍ കയ്യടക്കുന്നു, ഉച്ചയ്ക്ക് ഒന്നു തല ചായ്ക്കാന്‍ വിടാതെ കട്ടിലിന് കീഴിലിരുന്ന് കരയുന്നു. ഇതിനെല്ലാം പുറമേ എപ്പോഴും വായുവില്‍ തങ്ങിനില്ക്കുന്ന ശ്വാനഗന്ധം. ഇടക്കിടെ ചുമ വരുന്നു. നിലയ്ക്കാത്ത ചുമ. ചിലപ്പോഴിത് നീണ്ടുനില്‍ക്കുന്ന അലര്‍ജിയായി മാറാമെന്നും സ്റ്റീറോയിഡ് വരെ കഴിക്കേണ്ടിവരാമെന്നും ഏതോ ടിവി ഷോയില്‍ കണ്ടപ്പോള്‍ പരിഭ്രമമായി.
എന്നാല്‍ ഈ പ്രായോഗിക ബുദ്ധിമുട്ടുകളൊന്നും പയ്യന് മനസ്സിലാവുന്നില്ല. എന്നു മാത്രമല്ല, ചില നാള് അവന് ലീവെടുത്ത് പഗ്ഗിനേയും മടിയില്‍ താലോലിച്ചിരിക്കുന്നു. അവസാനം പെണ്‍കുട്ടി കാര്യം തുറന്നു പറഞ്ഞു.
ഞാനോ, ടിന്റുവോ?
നീയും ടിന്റുവും, രണ്ടുപേരും ഒരുപോലെ പ്രധാനമെന്ന് പയ്യന്.
”ആര് യു ഷുവര്‍?”
”വെരി മച്ച്…”, സന്ദേഹത്തിനിടയില്ലാത്ത മറുപടി.
രണ്ടാമതൊന്നാലോചിക്കാതെ പെണ്‍കുട്ടി പെട്ടി പാക് ചെയ്ത് അവളുടെ വീട്ടിലേക്ക് പാഞ്ഞു. പലരും ഇടപെട്ടു, ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചു. പക്ഷേ, ‘ഈഗോ’ എന്ന വില്ലന്‍ തനിസ്വരൂപം പുറത്തെടുത്തു. രണ്ടുവര്‍ഷം നീണ്ടുനിന്ന കേസിനൊടുവില്‍ കോടതി വിധിപ്പടി അവര്‍ പിരിഞ്ഞു.
അന്ന് ദിനകരന് സാര്‍ ക്ലാസ്സില്‍ ഉന്നയിച്ചത്. അതേ ചോദ്യമായിരുന്നു.
ആരാണ് സൂത്രധാരന്‍?
ജ്യോതിശ്ശാസ്ത്രമോ, കാലമോ?
”സാര്‍ ഇങ്ങനെ വരുമ്പോള്‍ ആളുകള്‍ക്ക് ജ്യോതിഷത്തിലുള്ള വിശ്വാസം നഷ്ടപ്പെടില്ലേ?”
”തീര്‍ച്ചയായും,” രാമശേഷന് ഗീതയുടെ സംശയത്തെ സ്വാഗതം ചെയ്തു. ”എന്നാല്‍ കാലമാണ് യഥാര്‍ത്ഥ പ്രതി…”
”അപ്പോള്‍ ആരാണ് സര് നിസ്സഹായര്‍?”, ശേഷാദ്രി പുരികം വെട്ടിച്ചു. ”പ്രച്ഛകരോ, ദൈവജ്ഞനോ…”
”രണ്ടു കൂട്ടരും തുല്യ രീതിയില്‍ നിസ്സഹായരായി പോകുന്ന സന്ദര്‍ഭമാണിത്…”
അതിനാല്‍ തൊട്ടും തൊടാതെയും ഫലം പറയണമെന്ന് അമ്പലപ്പാറ ഗുരുനാഥന് പറയുമായിരുന്നു.
കാലാനുസൃതമായി പ്രമാണങ്ങള്‍ നവീകരിക്കപ്പെടണമെന്നാണ് ദിനകരന് സര് പറഞ്ഞത്. ആചാര്യനും അതു പറയുന്നുണ്ടല്ലോ.
എന്താണ് കാലാനുസൃതമായ നവീകരണം?
കുട്ടികള്‍ ആ ചോദ്യം മനസ്സിലിട്ടു കൂര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: