ശബരിമല: ദേശീയ സുരക്ഷ ഗാര്‍ഡിന്റെ പ്രത്യേക പരിശീലനം നേടിയ കേരളാ പോലീന്റെ കമാന്‍ഡോകള്‍ ശബരിമല സന്നിധാനത്തും പെരിയാര്‍ കടുവ സങ്കേതത്തിന്റെ പാര്‍ശ്വവനാന്തരങ്ങളിലും സുരക്ഷാ പരിശോധന നടത്തി. കമാന്‍ഡോ ഇന്‍സ്പെക്ടര്‍ വി.ജി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ 32 സംഘമാണ് പരിശോധന നടത്തുന്നത്. വാവര്‍ നടയില്‍ കൊപ്രാക്കളത്തിനു താഴെ പാര്‍ശ്വവനങ്ങളിലും റെയ്ഡ് നടത്തിയ കമാന്‍ഡോ തുടര്‍ന്ന് ഹോമിയോ ആശുപത്രി അരവണ പ്ലാന്റ് ഗോശാല-ധനലക്ഷമി ബാങ്ക് പരിസരം വഴി വാവര് നടയിലെത്തി.
മറ്റൊരു ടീം വാവര്‍ നടയില്‍ നിന്ന് 108 പടി കയറി ഉരല്‍ക്കുഴി വനത്തില്‍ പരിശോധന നടത്തി. പോലീസ് മെസ് വഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം വഴി ഭസ്മക്കുളം, ഗ്യാസ് ഗോഡൗണ്‍ വഴി ബെയിലി പാലത്തില്‍ പ്രവേശിച്ച് വലിയ നടപ്പന്തല്‍ വഴി വാവര്‍നടയിലെത്തി. ഓരോ റൂട്ടിലും ഇരു വശങ്ങളിലും കമാന്‍ഡോകള്‍ പരിശോധന നടത്തി. രാത്രി നട അടയ്‌ക്കും വരെ പരിശോധന തുടര്‍ന്നു.
സന്നിധാനത്ത് പ്രത്യേക ടീമിനെയും വിന്യസിച്ചിരുന്നു. സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയത്. എന്‍എസ്ജിയുടെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോ സംഘമാണ് സന്നിധാനത്തുള്ളത്. ഏത് സാഹചര്യവും ദ്രുതഗതിയില്‍ നേരിടുന്നതിന് കമാന്‍ഡോ സജ്ജമാണെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
















