ആലപ്പുഴ : ടി.പി. സെന്‍കുമാറിനെതിരെ ആരോപണവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നേയും മകനേയും ഒതുക്കണമെന്ന് പ്രചരിപ്പിക്കുകയാണ് സെന്‍കുമാര്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമെന്ന പ്രചരിപ്പിക്കുന്ന ഇയാള്‍ അദ്ദേഹത്തിന്റെ രോമം പോലും അടുത്തുനിന്ന് കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരം തലയ്‌ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി പറഞ്ഞ വെള്ളാപ്പള്ളി ഈഴവനു സംവരണം നല്‍കരുതെന്നാണ് ചങ്ങനാശേരിയില്‍ നിന്നു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഈഴവന്മാര്‍ സമ്പന്നരാണെന്നാണു പറഞ്ഞ കാരണം. ഏതു സര്‍ക്കാര്‍ വന്നാലും സവര്‍ണ ലോബി ഹൈജാക്ക് ചെയ്യും. സമരം നടത്തുക പോലും ചെയ്യാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചങ്ങനാശേരിയില്‍ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് മുന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ സംവരണം നല്‍കിയത്. പകലിനെ പറഞ്ഞ് ഇരുട്ടാക്കിച്ച് അവകാശങ്ങളും അധികാരങ്ങളും സവര്‍ണര്‍ കൊണ്ടുപോകുന്നു. എല്‍ഡിഎഫ് എംഎല്‍എമാരില്‍ ചങ്ങനാശേരിയുടെ ചാരന്മാരുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു
ഡിസംബര്‍ 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വരുമെന്നും ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ടെന്ന് മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനെപ്പറ്റി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പ്രചാരണം നടത്തുന്നയാള്‍ സെക്രട്ടറിയാകുമെന്നാണ് രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് വിവിധ യൂണിയന്‍ ഭാരവാഹികളോടു പറയുന്നത്. എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ഇവരുടെ ശ്രമം.
മാവേലിക്കര യൂണിയനിലുള്‍പ്പെടെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ട്. അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണു ശ്രമം. മാവേലിക്കര യൂണിയനിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതു സംസ്ഥാന പൊലീസ് മേധാവിയാണ്. അതിന് തന്നെ ചീത്തപറയേണ്ടതില്ല. വാട്‌സാപ്പും ഫെയ്‌സ്ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ നിന്നു ഡ്യൂപ്പുകളെ നിര്‍ത്തി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു. ഇങ്ങനെ ചില ശക്തികളുണ്ട്. പിന്നില്‍ നിന്നു കുത്തുന്ന ബ്രൂട്ടസുകളാണ് ഇവര്‍. നേര്‍ക്കുനേര്‍ നിന്നു പറയാന്‍ ധൈര്യവും തന്റേടവും ഇവര്‍ക്കില്ല. പണം കൊണ്ട് പിടിച്ചെടുക്കാന്‍ സാധിക്കുന്ന സംഘടനയല്ല എസ്എന്‍ഡിപി യോഗം.
ശബരിമല യുവതീ പ്രവേശം അടഞ്ഞ അധ്യായമാണ്. എന്നാലും കൂട്ടത്തോടെ ചെല്ലുന്നത് ശരിയല്ല. ആചാരങ്ങളും അനാചാരങ്ങളുമുണ്ട്. അനാചാരങ്ങള്‍ മാറണം. ശബരിമലയിലേത് ആചാരമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.















