പ്രദീപാധികരണം,ഇതില്‍ 2 സൂത്രങ്ങളുണ്ട്
സൂത്രം ദീപജ്വാല എന്ന പോലെ ശരീരപ്രവേശത്തിന് അര്‍ഹതയുണ്ട്. എന്തെന്നാല്‍ ശ്രുതി അങ്ങനെ കാണിച്ചു തരുന്നു.എല്ലാ ശരീരത്തിലും മുക്താത്മാവിന് പ്രവേശമുണ്ടാവാന് അര്‍ഹതയുണ്ട്.മുക്താത്മാവിന്റെ ശരീരസംബന്ധം ഭോക്താവായിട്ടാണോ നിസ്സംഗനായിട്ടാണോ എന്ന സംശയത്തിനുള്ള മറുപടിയാണ് ഈ സൂത്രം.
ഒരേ അഗ്നി തന്നെ പല ഉപാധികളില്‍ പ്രകാശിക്കുന്നത് പോലെയാണ് മുക്താത്മാവ് സങ്കല്പം കൊണ്ട് മാത്രം വിവിധ ശരീരങ്ങളാകുന്ന ഉപാധികളിലൂടെ ഭോഗമനുഭവിക്കുന്നു. ദീപത്തിന്റെയോ ഉപാധിയുടേയോ നല്ലതും ചീത്തയുമൊന്നും അഗ്നിയെ ബാധിക്കാത്തതുപോലെ ശരീരത്തിന്റെ നന്മതിന്മകളോ ഉച്ചനീചത്വങ്ങളോ ഒന്നും അധിഷ്ഠാതാവും നിസ്സംഗനുമായ മുക്താത്മാവിനെ ബാധിക്കില്ല. വിവിധങ്ങളായ ഉപകരണങ്ങളില്‍ വൈദ്യുതിയുടെ പ്രവര്‍ത്തനവും ഇതുപോലെയാണ് കേമത്തങ്ങളോ പോരായ്മകളോ ഒന്നും അതിനെ ബാധിക്കില്ല.
സൂത്രം – സ്വാപ്യയ സംപത്ത്യോരന്യതരാപേക്ഷമാവിഷ്കൃതം ഹി
സുഷുപ്തി കൈവല്യം എന്നിവയില്‍ മറ്റൊന്നിനെ അപേക്ഷിച്ചിട്ട് ഭേദജ്ഞാനം പറയുന്നുവെന്ന് ശ്രുതിയില്‍ പറയുന്നുവല്ലോ.സുഷുപ്തിയില്‍ നിന്നും ബ്രഹ്മപ്രാപ്തിയില്‍ നിന്നും വേറിട്ട മറ്റൊരു സ്വരൂപത്തെ അപേക്ഷിച്ചാണ് മുക്താത്മാവിനെ പറയുന്നത്. ശ്രുതിയിലും അങ്ങനെയാണ്.മുക്ത പുരുഷന് അനേകം ശരീരങ്ങളെ പ്രാപിക്കുകയും ഭോഗങ്ങളെ അനുഭവിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന സംശയത്തിന്നുള്ള മറുപടിയാണിവിടെ പറയുന്നത്.പ്രളയകാലത്തെ മുക്താത്മാവിന്റെ അവസ്ഥയെന്ന് ചിലരും സുഷുപ്തിയിലെ അനുഭവമെന്ന് മറ്റ് ചിലരും പറയുന്നുണ്ട്.ബൃഹദാരണ്യകത്തില്‍ ‘യത്ര വാ അസ്യ സര്വാത്മൈവാഭൂത്’ , ‘യ ത്ര സുപ്തോ ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്നം പശ്യതി’ മുതലായ ശ്രുതി വാക്യങ്ങള്‍ കൈവല്യം, സുഷുപ്തി ഇവയിലേതെങ്കിലും ഒരു അവസ്ഥയെ അപേക്ഷിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് സഗുണബ്രഹ്മോപാസകനെസംബന്ധിച്ചിടത്തോളം സത്യമാണെന്ന് കരുതാം. കാര്യബ്രഹ്മത്തെ പ്രാപിച്ച സായൂജ്യമുക്തന്മാര് പലഭോഗങ്ങളും ഇഷ്ടം പോലെ അനുഭിക്കുന്നുവെന്നാണ് ശ്രുതി പറയുന്നത്. അവ യുക്തിയ്ക്ക് നിരക്കുന്നതുമാണ്.ജഗത് വ്യാപാരാധികരണം അവസാനത്തേതായഈ അധികരണത്തില്‍ 6 സൂത്രങ്ങളുണ്ട്.
സൂത്രം – ജഗദ് വ്യാപാരവര്ജം പ്രകരണാദസന്നിഹിതത്വാച്ച
ജഗത്തിന്റെ വ്യാപാരങ്ങളുമായി ബന്ധമില്ലാത്തതാണ് മുക്തന്റെ സ്ഥിതി.പ്രകരണം കൊണ്ടും ജീവന്റെ സാന്നിദ്ധ്യം ഇല്ലാത്തതുകൊണ്ടും അങ്ങനെ അറിയണം.ശ്രുതികളില്‍ പലയിടത്തും ജഗത്തിന്റെ സൃഷ്ടി മുതലായ വ്യാപാരങ്ങള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും മുക്തനുമായി ബന്ധപ്പെട്ടതല്ല. ലോക സൃഷ്ടി മുതലായവ ഒഴിച്ചുള്ള അണിമ തുടങ്ങിയ ഐശ്വര്യങ്ങള്‍ മുക്തന്മാര്ക്ക് ലഭിക്കും. മുമ്പ് മുക്തന്റെ ഐശ്വര്യങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. അതിനാല്‍ സൃഷ്ടി മുതലായവ മുക്തന് ഉണ്ടാകില്ല. മുക്താത്മാവിന് ഈ ജഗത്തുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: