ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ ഇരുമുടിക്കെട്ട് നിറച്ചുനല്‍കുന്നതിലും വന്‍തട്ടിപ്പ്. പമ്പയിലെത്തി ഇരുമുടിക്കെട്ട് നിറച്ച് മല ചവിട്ടുന്ന നിരവധി ഭക്തരുണ്ട്. ഇവരാണ് തട്ടിപ്പിനിരയാകുന്നതില്‍ ഏറെയും. തീര്‍ഥാടകരുടെ കൈയില്‍ നിന്നും അമിതവില ഈടാക്കിയശേഷം ഗുണനിലവാരമില്ലത്തതും മതിയായ അളവില്‍ പൂജാദ്രവ്യങ്ങള്‍ നിറക്കാതെയുമാണ് ഇരുമുടി നല്‍കുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 250 രൂപ ചാര്‍ജ് ഈടാക്കി ഭക്തര്‍ക്ക് പമ്പയില്‍നിന്നു നല്‍കുന്ന ഇരുമുടിക്കെട്ടില്‍ 75 രൂപയുടെ സാധനങ്ങള്‍പോലും നിറയ്‌ക്കുന്നില്ലന്നാണ് ആക്ഷേപമുയരുന്നത്.
ദേവസ്വത്തിന്റെ കണക്കനുസരിച്ച് ഇരുമുടിക്കെട്ടിനായി ഒരു മുടി സഞ്ചി ഒന്ന്, ചെറിയ സഞ്ചി ഒന്ന്, 100 മില്ലിഗ്രാം നെയ്യ്, നാളികേരം മൂന്ന് എണ്ണം, മലര്‍ 50 ഗ്രാം, മഞ്ഞള്‍പ്പൊടി 10ഗ്രാം, ഉണക്കലരി 300 ഗ്രാം, കോര്‍ക്ക് ഒന്ന്, കര്‍പ്പൂരം ചെറിയ പാക്കറ്റ്, വാക്‌സ് 10 ഗ്രാം എന്നിവയാണ് നല്‍കേണ്ടത്. എന്നാല്‍, ഇരുമുടിക്കെട്ടില്‍ നിറയ്‌ക്കാനാവശ്യമായ പൂജാദ്രവ്യങ്ങളില്‍ പലതും ഗുണമേന്മ തീരെ ഇല്ലാത്തവയാണ്. മാത്രമല്ല സഞ്ചി നല്‍കാറില്ലെന്നും ഭക്തര്‍ പറയുന്നു.
ഉണക്കലരിക്ക് പകരം പലതരത്തിലുള്ള അരികള്‍ കൂട്ടിക്കലര്‍ത്തിയാണ് കെട്ടില്‍ നിറയ്‌ക്കുന്നതെന്നാണ് മറ്റൊരു ആക്ഷേപം. ചെറിയ തേങ്ങയാണ് നല്‍കുന്നത്, ഇതില്‍ 100 ഗ്രാം നെയ്യ് കൊള്ളില്ലതാനും. ദേവസ്വത്തില്‍നിന്ന് ടിക്കറ്റ് എടുത്താണ് കെട്ടുനിറയ്‌ക്കുന്നത്. നിറച്ചുനല്‍കുന്ന ഗുരുസ്വാമിക്ക് ദക്ഷിണമാത്രം. നിറച്ച ദ്രവ്യങ്ങളുടെ അധികം വരുന്നത് ജീവനക്കാര്‍ കൊണ്ടുപോകും. ഈ തട്ടിപ്പിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടും ദേവസ്വം വിജിലന്‍സ് കണ്ടില്ലന്ന് നടിക്കുന്നതില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: