കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിപിഎമ്മില്‍ കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം. കോടിയേരി, പിണറായി, എം.വി. ഗോവിന്ദന് ഇവരെ കൂടാതെ ജയരാജ ത്രയമാണ് വര്‍ഷങ്ങളായി കേരളത്തില്‍ സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ളയാളെ സ്ഥാനത്തെത്തിക്കാന്‍ നീക്കം നടന്നെങ്കിലും കോടിയേരിയെ പിന്‍ഗാമിയാക്കി കണ്ണൂര്‍ ലോബി സ്ഥാനം ഭദ്രമാക്കി. ഇപ്പോള്‍ കോടിയേരി താല്‍ക്കാലികമായെങ്കിലും മാറി നില്‍ക്കുമെന്ന അഭ്യൂഹമാണ് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി വിരുദ്ധര്‍ക്ക് ഊര്‍ജ്ജം പകരുന്നത്.
കോടിയേരി അവധിയപേക്ഷ നല്‍കിയെന്ന വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിഷേധിച്ചത് ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനുള്ള പിണറായിയുടെയും കോടിയേരിയുടെയും തീരുമാനത്തിന്റെ ഭാഗമാണ്. കോടിയേരി അവധിയപേക്ഷ നല്‍കാതെ ചികിത്സതുടരുന്നതുവരെ വിശ്രമം നല്‍കാമെന്ന് തത്വത്തില്‍ അംഗീകരിച്ചാല്‍ തല്ക്കാലം പുതിയ സംസ്ഥാന സെക്രട്ടറിയെന്ന നീക്കം നടക്കില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നയാളെ സ്ഥാനത്തെത്തിക്കാന്‍ ആവശ്യമായ സമയമെടുത്ത ശേഷം അവധിയപേക്ഷയും തുടര്‍കാര്യങ്ങളും തീരുമാനിക്കാമെന്നാണ് പിണറായി ക്യാമ്പ് കണക്ക് കൂട്ടുന്നത്. കണ്ണൂരില്‍ നിന്നുള്ള എം.വി. ഗോവിന്ദന് താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് സൂചന. കണ്ണൂരില്‍ തന്നെ പിണറായിയുടെ വിശ്വസ്തനായ മന്ത്രി ഇ.പി. ജയരാജനും സെക്രട്ടറി സ്ഥാനത്തിന് ചരടുവലിക്കുമെന്ന് ഉറപ്പാണ്.
തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മറുപക്ഷം തന്ത്രങ്ങള്‍ മെനയുന്നത്. പോളിറ്റ് ബ്യൂറോ അംഗമാണെങ്കിലും എം.എ. ബേബിക്ക് കേരളത്തിലും കേന്ദ്ര ഘടകത്തിലും കാര്യമായ സ്വാധീനമില്ല. എങ്കിലും ഇടക്കാല സെക്രട്ടറിയാകാനുള്ള ബേബിയുടെ നീക്കങ്ങള്‍ക്ക് യെച്ചൂരിയുടെ പിന്തുണയുമുണ്ട്.
ഒരു കാലത്ത് പിണറായി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ നിലപാടെടുത്ത വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയില്‍ ഇപ്പോള്‍ തീര്‍ത്തും അപ്രസക്തമായതാണ് ഇവരുടെ നീക്കങ്ങളുടെ ശക്തി കുറയ്ക്കുന്നത്. എന്നാല്‍, പാര്‍ട്ടിക്കകത്ത് കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവരെ കൂട്ടുപിടിച്ച് ഒരു അട്ടിമറിയാണ് മറുവിഭാഗം കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: