പാനൂര്‍: മൊകേരിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവില്‍ നിന്നും 8.64 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് ചുമതലയുള്ള നേതാവും ഗ്രാമപഞ്ചായത്തംഗവും ഉള്‍പ്പെടെ നാലുപേര്‍ ഒളിവില്‍. മാക്കൂല്‍പ്പീടിക-കൂരാറ റോഡില്‍ മൊകേരി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപമാണ് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവില്‍ നിന്നും പണം തട്ടിയത്.
കഴിഞ്ഞ 26 നായിരുന്നു സംഭവം. കവര്‍ച്ചയില്‍ ഉള്‍പ്പെട്ട മൂന്ന് സിപിഎം ക്രിമിനലുകള്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. റിമാന്റിലായ ഇവരെ പോലീസ് അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളില്‍ കവര്‍ച്ചക്കാര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവ് ഉള്‍പ്പെടെയുളളവരുടെ ദൃശ്യം കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇതോടെ കേസൊതുക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടന്നെങ്കിലും പരാതിക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച മൊകേരിയിലെ പ്രാദേശികനേതാവാണ് പരാതിക്കാരനില്‍ സമ്മര്‍ദ്ധം ചെലുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചതായി അറിയുന്നു. മുത്താറിപ്പീടികയിലെ തെക്കിലാണ്ടിയില്‍ ജുബിഷ്(28), മൊകേരിയിലെ എം.പി. ഷിനോസ്(25), കടേപ്രത്തെ കെ.എം. സനില്‍(24) എന്നീ സിപിഎം ക്രിമിനലുകളാണ് റിമാന്റിലായത്.
ഹവാല പണം തട്ടിയെടുത്ത് ആര്‍ഭാടജീവിതം നയിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പ്രതികള്‍. ചമ്പാട് അരയാക്കൂല്‍ സ്വദേശി അഷറഫ് ലത്തീഫിന്റെ പണമാണ് തട്ടിയെടുത്തത്.
















