കൊച്ചി: തെലങ്കാനയില്‍ വെറ്റനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ വെടിവച്ചു കൊന്നതില്‍ പ്രതികരിച്ച് മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍. ഒരു അഡ്വക്കേറ്റും മുന്‍ പോലീസ് ഉദ്യോഗസ്ഥും എന്ന നിലയില്‍ തനിക്ക് ഇതു ശരിയായ നടപടിയായി കണക്കാക്കുക സാധ്യമല്ല. എന്നാല്‍, ഒരു പിതാവ് എന്ന നിലയിലും മരണശിക്ഷക്ക് വിധിക്കപ്പെട്ട നിരവധി പേര്‍ സസുഖം വാഴുന്നത് കാണുന്ന ഒരു വ്യക്തിയെന്ന നിലയിലും ഇതല്ലാതെ മറ്റൊന്നുമില്ല എന്ന് തോന്നിപ്പോകുമെന്നും അദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്തിനെ തുടര്‍ന്നാണ് പ്രതികളെ വെടിവച്ചതെന്ന് പോലീസ് വ്യക്തമാക്കി. തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുയുമായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28ന് പുലര്‍ച്ചെയാണു യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
















