തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍. എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വൈസ് ചാന്‍സലറോട് വിശദീകരണം തേടി. സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ കുറ്റസമ്മതം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍. ശക്തമായ തിരുത്തല്‍ നടപടികള്‍ വേണമെന്നാണ് ഗവര്‍ണര്‍ സര്‍വകലാശാലകളോട് നിര്‍ദേശിച്ചിരിക്കുന്നത്.
സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതതെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് സര്‍വകലാശാല അത് തിരുത്തിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ തകര്‍ക്കുന്ന നടപടി ഉണ്ടാകരുത് എന്നും ആവശ്യപ്പെട്ടിരുന്നു.
മാര്‍ക്ക്ദാന വിവാദത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നേരത്തെ നല്കിയ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് വിശ്വാസമായില്ല. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ സ്വരം കൂടുതല്‍ കടുപ്പിച്ചത്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നാണ് വിസി വിശദീകരണത്തില്‍ പറയുന്നത്.
രേഖകളില്ലാതെ എംകോമിന്റെ 12 ഉത്തരക്കടലാസുകളായിരുന്നു സിന്‍ഡിക്കേറ്റ് അംഗം ഡോ ആര്. പ്രഗാഷ് കൈക്കലാക്കിയതാണ് വിവാദത്തിന് ആധാരം. പിന്നീട് വിസിയുടെ കത്തോടെ 31 എണ്ണം കൂടി ആവശ്യപ്പെട്ടു. 54 ഉത്തരക്കടലാസുകളാണ് ഇത്തരത്തില്‍ കൈക്കലാക്കിയത്. എന്നാല്‍ ഡോ. പ്രഗാഷിനെതിരെ ഒരന്വേഷണം പോലും നടത്തിയിരുന്നില്ല. ഇതിനിടെയാണ് സിന്‍ഡിക്കേറ്റ് അംഗം ഡോ പ്രഗാഷിനെ ന്യായീകരിച്ചും പരോക്ഷമായ കുറ്റസമ്മതം നടത്തിയും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: