ന്യൂദല്‍ഹി: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ച് അച്ഛന് അബ്ദുള്‍ ലത്തീഫ്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഈ ദിശയില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുട്ടുകാലില്‍ നില്ക്കുന്ന നിലയിലാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. സാധനങ്ങളെല്ലാം വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലായിരുന്നു. പേപ്പറുകള്‍ പോലും അടുക്കിപ്പെറുക്കിവെക്കുന്ന സ്വഭാവമുള്ള ഫാത്തിമ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.
ആത്മഹത്യയെന്ന് പോലീസ് ആദ്യമേ പറഞ്ഞു. എന്നാല്‍ മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. സംഭവദിവസം ഹോസ്റ്റലില്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പിറന്നാളാഘോഷം നടന്നിരുന്നു. രാവിലെ നാലിനും അഞ്ചിനും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി സംഭവ ദിവസം അവിടെ ഉണ്ടായിരുന്നില്ല. മരണം നടന്നതിന്റെ തലേദിവസം ഫാത്തിമ കരയുന്നതായി കണ്ടുവെന്ന് മൊഴി നല്‍കിയിരുന്ന വിദ്യാര്‍ത്ഥിനി പിന്നീട് ഇത് തിരുത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെടെ കൃത്രിമം നടത്തി.
പോലീസ് തുടക്കം മുതല്‍ അനാസ്ഥ കാട്ടി. കുടുംബത്തോട് മോശമായാണ് പെരുമാറിയത്. മദ്രാസ് ഐഐടി ഭീകരകേന്ദ്രമാണ്. മരിച്ചുകഴിഞ്ഞാല്‍ അവരുടെ പേരു പോലും അവിടെയുണ്ടാകില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതും സ്വകാര്യ ഏജന്‍സിയാണ്. ആരൊക്കെ എന്തൊക്കെ ചെയ്തുവെന്ന് ഫാത്തിമ പേരടക്കം എഴുതി വച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികളുടെയും മൂന്ന് അധ്യാപകരുടെയും പേരുകളുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഈശ്വരമൂര്‍ത്തി പറഞ്ഞതുകൊണ്ടാണ് പല കാര്യങ്ങളും ഇതുവരെ വെളിപ്പെടുത്താതിരുന്നത്. ഇനിയും ഏറെ കാര്യങ്ങളുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് പറയാത്തത്. അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: