കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ടി. പത്മനാഭന് സമ്മാനിച്ചു. ആന്ധ്രാ സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൊളകൊളൂരി ഇനോക് പുരസ്‌കാരവും ഉപഹാരവും കീര്‍ത്തിഫലകവും സമര്‍പ്പിച്ചു. പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍ അധ്യക്ഷനായി.
ബാലാമണിയമ്മയുടെ കവിതകള്‍ക്കൊപ്പം നില്‍ക്കാന്‍ ലോകസാഹിത്യത്തില്‍ കവിതയില്ലെന്ന് കവി എസ്. രമേശന്‍ നായര്‍ പറഞ്ഞു. ആകാശപ്പൂമരത്തിലെ നക്ഷത്രങ്ങള്‍ പോലെ ഒരിക്കലും കൊഴിയാത്ത കഥയുടെ നക്ഷത്രപ്പൂക്കളുമായി നില്‍ക്കുന്ന കഥാപൂമരമാണ് ടി. പത്മനാഭനെന്ന് കവി എസ്. രമേശന്‍ നായര്‍ പറഞ്ഞു.
ലോക കവിതകളില്‍ നിന്ന് പത്തു കവിതകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബാലാമണിയമ്മയുടെ വിട്ടയയ്‌ക്കുക കൂട്ടില്‍ നിന്ന് എന്ന കവിത ആദ്യം തെരഞ്ഞെടുക്കുമെന്ന് ടി. പത്മനാഭന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയന്‍ എന്നു വിളിക്കാവുന്ന കവിയായിരുന്നു ബാലാമണിയമ്മയെന്ന് അനുസ്മരണ പ്രസംഗം നടത്തിയ എം.എന്‍. കാരശ്ശേരി പറഞ്ഞു. കുടുംബ ജീവിതത്തിലൂടെയും കവിതയിലൂടേയും ആത്മീയത കൈവരിക്കാമെന്ന് തെളിയിച്ച കവിയാണ് ബാലാമണിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകോത്സവ സമിതി ജനറല്‍ സെക്രട്ടറി ഇ.എം. ഹരിദാസ് സ്വാഗതവും ലിജി ഭരത് നന്ദിയും പറഞ്ഞു.















