കണ്ണൂര്‍: അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നത് സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിഴവുകള്‍ മറച്ചുവയ്‌ക്കാന്‍.
കണ്ണൂര്‍ അഴീക്കലിലെ പരിസ്ഥിതിലോല പ്രദേശത്ത് തീരദേശ നിയന്ത്രണ ചട്ടമനുസരിച്ച് കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്ക് അനുമതി ലഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് ഭൂമി സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത് പ്രദേശത്ത് ഇലക്ട്രിക് വാഹന നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടയിലും മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അക്കാദമിക്ക് അനുമതി ലഭിക്കില്ലെന്ന വിവരം സര്‍ക്കാരിന് അറിയാമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
കേരളത്തോട് കാട്ടുന്ന കേന്ദ്ര അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നത്. തീരദേശ നിയന്ത്രണ ചട്ടമനുസരിച്ച് ഒരു വിധത്തിലും ഇത്തരം പ്രദേശങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു സ്ഥലം ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ തയാറാവാത്തത് കാരണമാണ് കോസ്റ്റ്ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടമായത് എന്നതും സിപിഎമ്മും സര്‍ക്കാരും മറച്ചുവയ്‌ക്കുകയാണ്.
2009ല്‍ അനുമതിപത്രങ്ങള്‍ ലഭ്യമാകുന്നതിന് മുന്നേ അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി പണിയാന്‍ തീരുമാനിക്കുകയും 164 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറുകയുമായിരുന്നു. 2011-ല്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി അക്കാദമിക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു.















