തന്നെ ലൈംഗിക അടിമയായി വാങ്ങിയ ശേഷം നിരന്തരം പീഡനത്തിനിരയാക്കിയ ഐഎസ് ഭീകരനെ അഞ്ച് വര്‍ഷത്തിന് ശേഷം നേരിട്ട് കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് അഷ്‌റഖ് ഹാജി ഹമീദ് എന്ന യസീദി വനിത. ഐഎസ് ഭീകരന്‍ അബു ഹമാമിനെ തന്റെ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിച്ച ശേഷം യസീദി വനിത കുഴഞ്ഞു വീണു. ജയില്‍ അധികൃതര്‍ ഒരുക്കിയ അപൂര്‍വ്വ കൂടിക്കാഴ്ചയിലാണ് യുവതി തന്റെ മുന്‍ യജമാനനോട് പഴയ കണക്കുകള്‍ ചോദിച്ചത്.
വിലങ്ങണിഞ്ഞ കൈകള്‍ ദേഹത്തോട് ചേര്‍ത്തുവച്ച് നിലത്തുനോക്കി, എല്ലാം കേട്ടു നിന്നതല്ലാതെ ഒരക്ഷരം പോലും അബു ഹമാം പ്രതികരിച്ചില്ല. 14-ാം വയസ്സിലാണ് അഷ്‌റഖ് എന്ന പെണ്‍കുട്ടി ലൈംഗിക അടിമയായി വില്‍ക്കപ്പെടുന്നത്. 100 ഡോളറിന് അബു ഹാമാം അവളെ വാങ്ങി ലൈംഗിക അടിമയാക്കി, പല തവണ ക്രൂരമായി ബലാല്‍സംഗം ചെയ്തു. ഒരവസരം കിട്ടിയപ്പോള്‍ അഷ്‌റഖ് ജര്‍മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബു ഹമാം ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു.
അബു ഹമാം..എന്റെ മുഖത്തേക്കു നോക്കൂ. എന്തിനാണ് നിങ്ങള്‍ എന്നോട് ക്രൂരമായി പെരുമാറിയത്. ഞാനൊരു യസീദി വനിതയായതുകൊണ്ടോ ? അഷ്‌റഖ് ആദ്യത്തെ ചോദ്യം അബു ഹമാമിനോടു ചോദിച്ചു. എന്റെ 14-ാം വയസ്സിലാണ് നിങ്ങള്‍ എന്നെ ബലാല്‍സംഗം ചെയ്യുന്നത്. നേരേ നോക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത്. അഭിമാനം എന്നൊന്ന് നിങ്ങള്‍ക്കില്ലേ ?
എനിക്കന്ന് 14-ാം വയസ്സ്. നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രായം. നിങ്ങള്‍ എന്റെ ജീവിതം നശിപ്പിച്ചു. എന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഒരിക്കല്‍ നിങ്ങള്‍ ഉള്‍പ്പെട്ട ഐഎസ് സംഘടനയുടെ അടിമയായിരുന്നു ഞാന്‍. അതേ ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയായിരിക്കുന്നു. നിങ്ങളാകട്ടെ തടവിലും. തടവിലാക്കപ്പെടുക എന്നാല്‍ എന്താണെന്ന് ഇനിയെങ്കിലും നിങ്ങള്‍ അറിയും. ഏകാന്തവാസത്തിന്റെയും പീഡനത്തിന്റെയും അര്‍ഥവും നിങ്ങള്‍ അറിയാന്‍ പോകുന്നതേയുള്ളൂ. നിങ്ങള്‍ക്ക് അല്‍പമെങ്കിലും നാണമുണ്ടായിരുന്നെങ്കില്‍ സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത എന്നോട് ക്രൂരത കാണിക്കുമായിരുന്നോ? ചോദ്യങ്ങള്‍ ഇത്രയുമായപ്പോഴേക്കും അഷ്‌റഖ് ഹാജി നിലത്തേക്ക് കുഴഞ്ഞുവീണു.
ഭീകര സംഘടനയുടെ പിടിയില്‍നിന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെട്ടതിനുശേഷം ജര്‍മനിയിലെ സ്റ്റര്‍ട്ട്ഗട്ട് നഗരത്തില്‍വച്ച് അബു ഹമാം അഷ്‌റഖിനെ കണ്ടിരുന്നു. അന്നും അബു ഭീഷണിപ്പെടുത്തിയിരുന്നു. നീ താമസിക്കുന്നത് എവിടെയാണെന്ന് എനിക്കറിയാം എന്നാണ് ഭീഷണിസ്വരത്തില്‍ അയാള്‍ അവളോട് പറഞ്ഞത്.
ഇറാഖി ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ അഷ്‌റഖ്, യസീദികളായ തങ്ങളെ ഇറാഖിനെ സിന്‍ജാറില്‍നിന്ന് ഐഎസുകാര്‍ എങ്ങനെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വിവരിക്കുന്നുണ്ട്. അന്ന് ഭീകരര്‍ ഗ്രാം വളഞ്ഞ തടവിലാക്കുമ്പോള്‍ എന്താണെ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. കൊല്ലപ്പെടും എന്നുതന്നെയായിരുന്നു അന്നത്തെ ഭീതി. ആദ്യമൊക്കെ ഞങ്ങള്‍ കുറേപ്പേര്‍ ഒരുമിച്ചായിരുന്നു. മരിച്ചാലും ഒന്നിച്ചാണല്ലോ മരിക്കുന്നതെന്നായിരുന്നു അപ്പോഴത്തെ ആശ്വാസം.
പക്ഷേ, പിന്നീട് ഐഎസുകാര്‍ ഞങ്ങളെ വേര്‍പിരിച്ചു. 300 മുതല്‍ 400 വരെ യസീദികളാണ് അന്ന് പിടിക്കപ്പെട്ടത്. ഒമ്പത് വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ വരെ അവര്‍ തടവിലാക്കിയിരുന്നു. സിന്‍ജാറില്‍നിന്ന് മൊസൂളിലേക്കാണ് ആദ്യം കൊണ്ടുപോയത്. സഹോദരിമായെയും ബന്ധുക്കളെയുമൊക്കെ സിറിയയിലേക്കാണ് കൊണ്ടുപോയത്. അബു ഹമാമാണ് എന്നെ തിരഞ്ഞെടുത്തത്. അന്നയാള്‍ എന്നെ മുടിയില്‍ പിടിച്ചു വലിച്ചുകൊണ്ടുപോയി. എനിക്കന്ന് 14 വയസ്സേയുള്ളൂ. ബലാല്‍സംഗം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് എനിക്ക് മനസ്സിലായില്ലെന്നും അഷ്‌റഖ് ഹാജി പറയുന്നു.
















