ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി വായ്‌പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടം ഈടക്കാന്‍ സാധിക്കും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ അംഗീകരിച്ചുകൊണ്ട് 2018 ലെ ഫ്യുജിറ്റീവ് ഇക്ണോമിക്സ് ഒഫെന്‍റേഴ്സ് ആക്റ്റ് പ്രകാരമാണ് നടപടി. നിലവില്‍ നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നിലവിലുണ്ട്. ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി വാന്‍ഡ്വര്‍ത്ത് ജയിലിലെന്നാണ് റിപ്പോര്‍ട്ട്.
നീരവ് മോദി അഞ്ച് തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി എല്ലാം തള്ളുകയായിരുന്നു. രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യത്തെ നാലു തവണ കോടതി ജാമ്യം നിഷേധിച്ചത്. വിഷാദ രോഗം ഉണ്ടെന്ന് പറഞ്ഞാണ് നീരവ് മോദി അഞ്ചാം തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിയുടെ മാനസിക നില അനുസരിച്ച് ജാമ്യം ലഭിച്ചാല്‍ കടന്നുകളയുമെന്നത് ഉറപ്പാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രതി അതിന് ശ്രമിക്കാനുള്ള സാദ്ധ്യതയുമുണ്ടെന്നും നിരീക്ഷീച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ മാസത്തിൽ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഈ നടപടി. പിഎന്‍ബി തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പണം ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേയ്‌ക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേയ്‌ക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.
നീരവ് മോദി മാര്‍ച്ച് 19നാണ് ലണ്ടനില്‍ അറസ്റ്റിലായത്.
















