ന്യൂദല്‍ഹി: പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള സബ്‌സിഡി എടുത്തു കളയാന്‍ എംപിമാരുടെ യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച മുതലായിരിക്കും തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. സബ്‌സിഡി ഒഴിവാക്കുന്നതോടെ കാന്റീന്‍ വിഭവങ്ങള്‍ക്ക് പൊതുവിപണിയിലെ വില തന്നെ നല്‍കേണ്ടിവരും. 17 കോടിരൂപയാണ് നിലവില്‍ കാന്റീനിനുവേണ്ടി വാര്‍ഷിക സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നത്.
എംപിമാര്‍ക്ക് പുറമെ ലോക്‌സഭ, രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും. വെജ് താലിക്ക് നിലവിലുണ്ടായിരുന്ന 18 രൂപക്ക് പകരം ഇനി മുതല്‍ 30 രൂപ നല്‍കണം. 33 രൂപയ്‌ക്ക് ലഭിച്ചിരുന്ന മാംസാഹാരത്തിന് 60 രൂപയാകും ത്രീ കോഴ്‌സ് മീല്‍സിന് 90ഉം 29 രൂപയുടെ കോഴിക്കറിക്ക് 40ഉം ഈടാക്കും.
ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ തീരുമാനം. വിഭവങ്ങള്‍ തയാറാക്കാന്‍ ചിലവാകുന്ന അതേ തുക തന്നെ എല്ലാവരില്‍ നിന്നും ഈടാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.പാഴ്‌ചെലവ് ഒഴിവാക്കാന്‍ വിഭവങ്ങളുടെ എണ്ണവും പരിമിതപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.
















