കൊച്ചി: ഈ മണ്ഡലകാലത്ത് ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനുള്ള സ്റ്റാളുകള്‍ ലേലം ചെയ്തു നല്‍കും മുന്‍പ് തന്നെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുള്ളതിനാല്‍ പിന്നീട് വില വര്‍ധിപ്പിക്കാനാവില്ല. സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമകള്‍ക്കായി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കച്ചവടക്കാര്‍ക്ക് വേണമെങ്കില്‍ അടുത്ത വര്‍ഷം സ്റ്റാളുകള്‍ ലേലത്തില്‍ എടുക്കും മുന്‍പ്, നിരക്ക് പുതുക്കി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാം. നേരത്തെ തന്നെ കച്ചവടക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ വില വര്‍ധിപ്പിക്കണം എന്നു ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഏതു വിലയ്‌ക്ക് സാധനങ്ങള്‍ വില്‍ക്കാം എന്ന് കരാറില്‍ ഉണ്ടായിരുന്നില്ലേ എന്നും അതു മനസിലാക്കി അല്ലേ സ്റ്റാളുകള്‍ ലേലത്തില്‍ എടുത്തതെന്നും കോടതി ആരാഞ്ഞു. ലേലത്തില്‍ കട സ്വന്തമാക്കിയ ശേഷം വില വര്‍ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. വില വര്‍ധിപ്പിക്കാന്‍ അവസരമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുക്കുമായിരുന്നു. മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ ഇനി വില വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി. പമ്പയിലും സന്നിധാനത്തും കച്ചവടം നടത്താനുള്ള ലൈസന്‍സിന്റെ ഫീസ് കൂട്ടിയതിനാല്‍ ഭക്ഷണ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.















