ന്യൂദല്‍ഹി: രാജ്യമൊമ്പാടുമുള്ള പതിനായിരം സ്‌കൂളുകള്‍ മോടി പിടിപ്പിക്കാനുള്ള പദ്ധതി തയാറാക്കി വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത്. എബിവിപി കര്‍ണാടക യൂണിറ്റ് നടപ്പാക്കിയ പദ്ധതിയാണു രാജ്യമെമ്പാടും വ്യാപിക്കാന്‍ സംഘടന ഒരുങ്ങുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ സ്‌കൂളുകള്‍ കൂടുതല്‍ വൃത്തിയും മനോഹരവുമാക്കാനുള്ള പദ്ധതിയാണിത്. എബിവിപി കൊങ്കണ്‍ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മഹാരാഷ്‌ട്രയിലും പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കര്‍ണാടകയില്‍ എബിവിപി യൂണിറ്റ് നടപ്പാക്കിയതു പോലെ വിദ്യാര്‍ഥികളുടേയും പ്രദേശവാസികളുടേയും സഹായത്തോടെ മോടി പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ബംഗളൂരുവിലും പരിസരത്തുമുള്ള ചെറുതും വലുതുമായ 11,000 സര്‍ക്കാര്‍ സ്‌കൂളുകളാണ് എബിവിപി പ്രവര്‍ത്തകര്‍ മനോഹരമാക്കിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ ഫണ്ടുകളെ കൂടുതലായി ആശ്രയിക്കാതെ സഹായിക്കാന്‍ കഴിയുന്ന പൊതുജനങ്ങളില്‍ നിന്ന് തുക ലഭ്യമാക്കി രാജ്യമെമ്പാടും സര്‍ക്കാര്‍ സ്‌കൂളുകളെ വൃത്തിയും മനോഹരവുമാക്കുമെന്നും അനികേത് വ്യക്തമാക്കി.
















