ഹൈദരാബാദ്: ആക്ടിവിസ്റ്റും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി തെലങ്കാനയില്‍ അറസ്റ്റില്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവുവിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് തൃപ്തിയേയും സംഘത്തേയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത്.
വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകരിച്ച കേസിലെ പ്രതികളെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. ഈ കത്ത് മുഖ്യമന്ത്രിക്കു കൈമാറാന്‍ സംഘടിച്ച് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. തൃപ്തിയും സംഘവും അണികള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ഇതോടെ സംഘം പ്രതിഷേധിക്കുകയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
മുന്‍കൂട്ടി അനുമതി തേടാത്തതിനാലാണു സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതെന്നു പോലീസ് അറിയിച്ചു. തെലങ്കാന സര്‍ക്കാരിനെതിരേ സമരം തുടങ്ങുമെന്നു തൃപ്തി മുന്നറിയിപ്പ് നല്‍കി.
അടുത്തിടെ ശബരിമല സന്ദര്‍ശിക്കാനും അതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തിയും സംഘവും കൊച്ചിയിലും എത്തിയിരുന്നു. വിശ്വാസികള്‍ ശക്തമായി എതിര്‍ക്കുകയും സംസ്ഥാന പോലീസ് സുരക്ഷ നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. തിരിച്ചു വരുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് തൃപ്തി കേരളം വിട്ടത്.
















