കൊച്ചി: അധ്യാപക നിയമന അംഗീകാരത്തിലെ തടസമുള്‍പ്പെടെ വിവിധ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉയര്‍ത്തി കേരള കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (കെസിബിസി) വിദ്യാഭ്യാസ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനെതിരേ സമരത്തിന്. നാലുവര്‍ഷമായി എയ്ഡഡ് സ്കൂളുകളില്‍ നിയമിച്ച അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. സ്കൂളുകള്‍ നവീകരിക്കാന്‍ കൊടുക്കാമെന്നു പറഞ്ഞ ഫണ്ട് കൊടുക്കുന്നില്ല, കലാലയ രാഷ്ട്രീയം നിയമാനുസൃതമാക്കാന്‍ ബില്ലുകൊണ്ടുവരുന്നു, മതപഠനം മുടക്കിക്കൊണ്ട് ഞായറാഴ്ചകള്‍ പ്രവൃത്തി സമാനമാക്കുന്നു തുടങ്ങിയ കുറ്റപത്രമാണ് കെസിബിസിയുടേത്.
മറ്റ് എയ്ഡഡ് സ്കൂളുകളിലെ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിച്ചാലേ നിയമന അംഗീകാരം നല്‍കൂ എന്ന സര്‍ക്കാര്‍ നയം ന്യൂനപക്ഷ മതസ്ഥാപന അവകാശത്തിന്റെ ധ്വംസനമാണെന്നും സര്‍ക്കാര്‍ നിലപാടിനെതിരേ അധ്യാപക സംഗമവും റാലിയും സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തുമെന്ന് വിദ്യാഭ്യാസ കമ്മീഷന് അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തെ ഇതര സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വിദ്യാഭ്യാസ കേന്ദ്രമാക്കാമെന്നിരിക്കെ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കിയെന്ന് ആര്‍ച്ച് ബിഷപ്പറഞ്ഞു. നേതാക്കളുടെ മക്കള്‍ വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്നു. ഇവിടെ സിന്‍ഡിക്കേറ്റുകള്‍ പോലും യോഗ്യതയും വൈദഗ്ധ്യത്തിനുംപകരം രാഷ്ട്രീയം മാത്രം നോക്കി ആളുകളെ കയറ്റിവയ്ക്കുന്നു. വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്, വിദഗ്ധരല്ല, അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് 33 രൂപതകള്‍ക്കു കീഴിലുള്ള അയ്യായിരത്തില്‍പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ സംഗമം 2020 ജനുവരി 17നും 18നുംതൊടുപുഴയില് ചേരും. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള സംഗമത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. ഫെബ്രുവരി അഞ്ചിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റുമാര്ച്ച് നടത്തും.
കോടതിവിധികളെ മറികടന്നാണ് കലാലയ രാഷ്ട്രീയം നിയമാനുസൃതമാക്കാനുള്ള നിയമം കൊണ്ടുവരുന്നത്. സര്‍ക്കാര്‍ നീക്കത്തിനെതിരേ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്. നിയമമാക്കിയാല്‍ സഭ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കമ്മീഷന് സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: