ഇസ്ലാമാബാദ്: ഭീകരര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പാക്കിസ്ഥാന്റെ റിപ്പോര്‍ട്ട്. എഫ്എടിഎഫിന്റെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്) കരിമ്പട്ടികയില്‍പ്പെടുമോ എന്ന പേടിയാണ് പാക്കിസ്ഥാനെ ഇതിന് പ്രേരിപ്പിച്ചത്.
കള്ളപ്പണം തടയുന്നതിനും ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതിനും സ്വീകരിച്ച നടപടികള്‍ എഫ്എടിഎഫിനെ പാകിസ്ഥാന്‍ അറിയിച്ചു. നേരത്തെ ഇറാനേയും ദക്ഷിണ കൊറിയയേയും എഫ്എടിഎഫ് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. ഇതിനൊപ്പം തങ്ങളേയും കരിമ്പട്ടികയില്‍ പെടുത്തുമോ എന്ന് പാക്കിസ്ഥാന് ഭയന്നിരുന്നു.
റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം എഫ്എടിഎഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കും. ഇതിനു ശേഷം പാകിസ്ഥാനുമായി എഫ്എടിഎഫ് നേരിട്ട് ചര്‍ച്ച നടത്തും. ഈ മാസം അവസാനത്തോടെ എഫ്എടിഎഫിന്റെ ആദ്യ പ്രതികരണം ലഭിക്കുമെന്നും 2020 ജനുവരിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദികള്‍ക്കുംപാകിസ്ഥാന്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് എഫ്എടിഎഫ് കണ്ടെത്തിയിരുന്നു. ധനവിനിയോഗത്തില്‍ രാജ്യങ്ങള്‍ പാലിക്കേണ്ട 27 നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. 27 നിര്‍ദ്ദേശങ്ങളില്‍ ആറെണ്ണം നടപ്പിലാക്കാന്‍ മാത്രമേ പാകിസ്ഥാന് കഴിഞ്ഞിരുന്നുള്ളു. സമയപരിധി അവസാനിച്ചതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പാകിസ്ഥാന്‍ പ്രതിരോധത്തിലായത്.
















