ഖാര്‍ത്തൂം: സുഡാനിലെ സെറാമിക് ഫാക്ടറിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരിക്ക്. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ വ്യവസായ മേഖലയിലെ സീല സിറാമിക് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തില്‍ 18 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കാണാതായവരില്‍ ചിലര്‍ മരിച്ചവരുടെ പട്ടികയില്‍ ഉണ്ടാകാമെന്നാണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. കത്തിനശിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. 7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുപേരുടെ നില ഗുരുതരമാണ്. 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ശബ്ദത്തോടെയായിരുന്നു സ്‌ഫോടനമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫാക്ടറി പരിസരത്ത് നിര്‍ത്തിയിട്ട് വാഹനങ്ങളടക്കം കത്തി നശിച്ചു. അപകടം നടന്ന ഫാക്ടറില്‍ 68 ഇന്ത്യക്കാരാണ് ജോലി ചെയ്തിരുന്നത്.

















