ചേര്‍ത്തല: അന്പതുകളിലെ ആഘോഷങ്ങള്‍ക്ക് ഇത്ര തിളക്കം ഉണ്ടായിരുന്നില്ല അല്ലേടാ, എന്ന് ചോദിച്ച് കാറില്‍ നിന്നിറങ്ങി വന്ന ഗാനഗന്ധര്വന് യേശുദാസിനെ അതേ എന്നു തലയാട്ടി നിറചിരിയോടെ ഗോവിന്ദന് കുട്ടി സ്വീകരിച്ചു. കുറച്ചുസമയം ഇരുവരും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നപ്പോള്‍ ഗതകാലസ്മരണകള്‍ ഒന്നൊന്നായി തെളിഞ്ഞുവന്നത് ആ കണ്ണുകളിലും മുഖത്തും പ്രകടമായി.
സംഗീത അധ്യാപകന് പുതിയകാവ് സൗപര്‍ണികയില്‍ ഡോ. എന്‍. ഗോവിന്ദന്‍കുട്ടിയുടെ എണ്‍പതാം ജന്മദിനം ആഘോഷിക്കാനാണ് മലയാളത്തിന്റെ പ്രിയഗായകന് ഡോ. കെ.ജെ. യേശുദാസും ഭാര്യ പ്രഭയും പുതിയകാവ് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ എത്തിയത്.
പ്രിയസുഹൃത്തുക്കളുടെ സംഗമത്തിനു ആരാധകരും നാട്ടുകാരും സാക്ഷിയായി. 1951 ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജില്‍ ഗാനഭൂഷണത്തിനു പഠിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദമാണ്. ഇടക്കിടെയുള്ള കൂടിക്കാഴ്ചകളും നിരന്തരമായുള്ള ഫോണ്‍ വിളികളും സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു.
ഗോവിന്ദന്‍കുട്ടി വലിയ ശിഷ്യസമ്പത്തിനും ഉടമയായി. ചെന്നൈ ഭാരതീയ വിദ്യാഭവന് ഡോക്ടറേറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ സംഗീത ചക്രവര്‍ത്തി പുരസ്കാരവും ഗോവിന്ദന്കുട്ടിക്കു ലഭിച്ചിട്ടുണ്ട്. സംഗീത അധ്യാപനം ഇപ്പോഴും തുടരുകയാണ്.
വിജയ് യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചതും ഗോവിന്ദന്‍കുട്ടിയാണ്. എണ്പതാംപിറന്നാളിന്റെ കാര്യം യേശുദാസാണ് ഗോവിന്ദന്‍കുട്ടിയെ ഓര്‍മിപ്പിച്ചത്. പങ്കുചേരാന്‍ ഭാര്യ പ്രഭയുമൊന്നിച്ച് വരുമെന്നും പറഞ്ഞതു കൊണ്ടാണ് ജന്മദിനം ആഘോഷമാക്കിയതെന്ന് ഗോവിന്ദന്‍കുട്ടി പറഞ്ഞു.
സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ജോതിസ് പറവൂര്‍, വേണു നങ്ങാട്ടുകരി, ഗാനരചയിതാവ് ആര്.കെ. ദാമോദരന്‍, തുടങ്ങിയവരും ആഘോഷങ്ങളില്‍ പങ്കുചേരാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: