ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നുന്ന പിഞ്ചുകുട്ടികള്‍. പട്ടിണി സഹിക്കാതായപ്പോള്‍ പേറ്റുനോവ് മറന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ. ഉത്തരേന്ത്യയിലെ ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ല. നമ്പര്‍ വണ്‍ കേരളത്തില്‍. അതും ഭരണസിരാകേന്ദ്രത്തിനു സമീപം
കേരളം രാജ്യത്തിന് മാതൃക കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പട്ടിണിയില്ല, പകര്‍ച്ചവ്യാധിയില്ല, യാചനയില്ല, വേദനയില്ല. അങ്ങിനെ പലതും. പക്ഷേ കേരള തലസ്ഥാനം. അതി ഭീകരം. അടുത്തിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണം.
സംസ്‌കൃത കോളേജും മജിസ്‌ട്രേറ്റ് കോടതിയും നല്‍കുന്ന വാര്‍ത്തകള്‍ ഒട്ടും സന്തോഷം പകരുന്നതല്ലേയല്ല. സംസ്‌കൃത കോളേജും യൂണിവേഴ്‌സിറ്റി കോളേജും അക്ഷരംപ്രതി തെമ്മാടി സങ്കേതങ്ങളാണെന്നത് ഒരു പുതിയ വാര്‍ത്തയല്ല. അവളെ പേടിച്ചാരും ആ വഴിക്ക് പോകാറില്ലെന്നത് പഴങ്കഥ. അതിനെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴും നടക്കുന്ന അക്രമങ്ങളും അതിക്രമങ്ങളുമെല്ലാം.
കെഎസ്‌യു എന്ന അസുരവിത്ത് ഒരു കാലത്ത് എല്ലാവര്‍ക്കും നീറ്റലുണ്ടാക്കിയതാണ്. അടുത്തകാലത്താകട്ടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന സ്ഥിതിയിലായിരുന്നു. എന്നാല്‍ എസ്എഫ്‌ഐ എന്ന സിപിഎം സംഘടന തല്ലാനും കൊല്ലാനും മുതിര്‍ന്നപ്പോഴാണ് അവരുടെ പേരുപോലും കേള്‍ക്കാന്‍ തുടങ്ങിയത്. തിരുവനന്തപുരത്ത് തല്ലോട് തല്ല്. നേതാവിന്റെ ചെവിപോലും തകര്‍ത്തു. പിന്നല്ലെ അണികളുടെ കൈയും കാലും. തല്ലുന്നത് എസ്എഫ്‌ഐക്കാരായതിനാല്‍ പോലീസിന് പണിയൊന്നുമില്ല. തലസ്ഥാനത്തെ എസ്എഫ്‌ഐക്കാര്‍ തല്ലാന്‍ തുനിഞ്ഞാല്‍ പോലീസും കോടതിയും എന്ത് ചെയ്യാന്‍. വെറുതെ പൊല്ലാപ്പ് പിടിക്കണോ ?
പത്രക്കാരെ തല്ലിയോടിച്ച വക്കീലന്മാര്‍ ഏറ്റവും ഒടുവില്‍ ജഡ്ജിക്കെതിരെയാണ് തിരിഞ്ഞത്. കോടിതിയില്‍ വാദിച്ച് ജയിക്കാന്‍ കഴിയാത്തവര്‍ കൈയൂക്കിന്റെ ഭാഷയാണ് പ്രയോഗിച്ചത്. വാദിച്ച് ജയിക്കാത്തപ്പോള്‍ ജഡ്ജിയെ പൂട്ടിയിടുന്ന അവസ്ഥ. ”പെണ്ണായത് നിനക്ക് തുണ. അല്ലെങ്കില്‍ ചേമ്പറില്‍ നിന്ന് വലിച്ചിട്ട് ചവിട്ടി അരച്ചേനേ” എന്ന് ഭീഷണി. നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ നോക്കണേ. അതൊക്കെ ഇരിക്കട്ടെ, കേരളം രാജ്യത്തിനെന്നല്ല ലോകത്തിന് മാതൃക എന്നാണ് കൊട്ടിഘോഷം. എന്നാല്‍ കഴിഞ്ഞ ദിവസം കേട്ട വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കും. സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ വഞ്ചിയൂര്‍ കോടതിക്കും പോലീസ് സ്റ്റേഷനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിനും തൊട്ടടുത്ത് മണ്ണു തിന്നുന്ന കുടുംബം.
ജീവന്‍ നിലനിര്‍ത്താന്‍ മണ്ണ് വാരി തിന്നുന്ന പിഞ്ചുകുട്ടികള്‍. പട്ടിണി സഹിക്കാതായപ്പോള്‍ പേറ്റുനോവ് മറന്ന് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ. ഉത്തരേന്ത്യയിലെ ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ല. നമ്പര്‍ ഒണ്‍ കേരളത്തില്‍. അതും ഭരണ സിരാകേന്ദ്രത്തിനു സമീപം. എല്ലാപേര്‍ക്കും വീടെന്ന വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പോലും പെടാതെ ഒരു മുറി ചുമരില്‍ ടാര്‍പോളിനു കീഴില്‍ കഴിയുന്ന കുടുംബത്തിലാണ് ഈ ദുരവസ്ഥയെന്നതും ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരുന്നു.
കൈതമുക്കില്‍ വഞ്ചിയൂര്‍ റെയില്‍വെ പുറമ്പോക്ക് കോളനിയില്‍ താമസിക്കുന്ന ആറ് കുട്ടികളുള്ള കുടുംബത്തിലെ നാലുകുട്ടികളെയാണ് അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. വിശപ്പ് സഹിക്കാഞ്ഞതോടെ ഇവരുടെ ഒരു കുട്ടി മണ്ണ് വാരി തിന്നതോടെയാണ് മക്കളെ എന്നെന്നും കാണാനെങ്കിലും സാധിക്കുമല്ലോ എന്ന വിശ്വാസത്തില്‍ ശിശുക്ഷേമ സമിതിക്ക് നാലു കുട്ടികളെ കൈമാറിയത്.
മുലപ്പാല്‍ കുടിക്കുന്ന ഒന്നരയും മൂന്നുമാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെ നാല് കുട്ടികളെയാണ് തൈക്കാടുള്ള ശിശുക്ഷേമസമിതിക്ക് കൈമാറിയത്. ആറുകുട്ടികളും അമ്മയും അച്ഛനും അടങ്ങുന്നതാണ് കുടുംബം. ഭര്‍ത്താവ് കുഞ്ഞുമോന് കൂലിപ്പണിയാണ് തൊഴില്‍. ഇതില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം ജീവിച്ചു പോരുന്നത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. രണ്ട് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. പിഞ്ചുകുട്ടികള്‍ക്കും കുടുംബത്തിനുമുള്ള ആഹാരം ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ നല്‍കി.
സ്വന്തമായി റേഷന്‍ കാര്‍ഡുണ്ടെങ്കിലും വീട് നിര്‍മാണത്തിന് ഇതുവരെയും ഇവര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചിട്ടില്ല. ഷെഡ്ഡിനുള്ള ടാര്‍പോളിന്‍ കെട്ടിയിരിക്കുന്നത് തന്നെ റോഡ് ഇടിഞ്ഞു വീഴാതിരിക്കാന്‍ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ ഭിത്തിയിലും. മഴ കനക്കുമ്പോള്‍ സമീപത്ത് വീടുകളില്‍ അഭയം തേടുകയാണ് പതിവ്.
നഗരസഭയിലെ ആശാപ്രവര്‍ത്തകരില്‍ 90 ശതമാനവും സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമാണ്. എന്നിട്ടും ആറ് കുട്ടികളുള്ള കുടുംബത്തിന് സഹായം ലഭിക്കാന്‍ കുട്ടികളെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ സര്‍വെകളും പരിശോധനകളുമായി നാടുമുഴുവന്‍ കറങ്ങുമ്പോഴും പട്ടിണികിടക്കുന്ന കുട്ടികളെ കണ്ടെത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തരം സാന്നിധ്യമുണ്ടായിട്ടും കുട്ടികളുടെ വിശപ്പ് കാണാന്‍ കഴിഞ്ഞില്ല. ലൈഫ് പദ്ധതിയില്‍ വീടു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. പക്ഷെ അതിലും ഇവരെ പാര്‍ട്ടി ഭരിക്കുന്ന നഗരസഭ അവഗണിക്കുകയായിരുന്നു.
ഉപ്പിടാംമൂട് പാലത്തിന് അടിവശത്തുള്ളവരെ സുരക്ഷിതമായ ഫ്‌ളാറ്റിലേക്ക് മാറ്റാന്‍ പദ്ധതിയിട്ടത് ചന്ദ്രിക മേയറായിരുന്നപ്പോഴാണ്. രാജേന്ദ്രന്‍ നായരായിരുന്നു അന്ന് കൗണ്‍സിലര്‍. അന്ന് അവിടെ ഉള്ളവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള പദ്ധതിക്കായി കുടുംബങ്ങളില്‍ നിന്ന് അപേക്ഷയും വാങ്ങി. കോളനി സ്ഥലം മാര്‍ക്കറ്റാക്കാനായിരുന്നു പദ്ധതി. എന്നാല്‍ നഗരസഭ പിന്നീട് അതില്‍ ഒരടിപോലും മുന്നോട്ടുപോയില്ല. പദ്ധതി ഇപ്പോഴും കടലാസ്സിലാണ്.
പട്ടിണി കിടന്ന് സഹിക്കാതെ കുട്ടികള്‍ മണ്ണ് വാരി തിന്നത് വലിയ വാര്‍ത്തയും വിവാദവുമായതോടെ വാഗ്ദാനങ്ങളുമായി മേയര്‍ ശ്രീകുമാര്‍ എത്തി കുട്ടികളുടെ അമ്മയ്‌ക്ക് നഗരസഭയില്‍ താല്‍ക്കാലിക ജോലിയും താമസിക്കാന്‍ ലൈഫ് പദ്ധതിയില്‍ ഫ്‌ളാറ്റുമാണ് വാഗ്ദാനം നല്‍കിയത്. സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നില്‍ വര്‍ഷങ്ങളായി കിടക്കുന്ന കുടുംബത്തെ കാണാത്ത പാര്‍ട്ടിക്കാര്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സഹായഹസ്തവുമായി ഓടി എത്തുകയായിരുന്നു.
ഇതിനിടയില്‍ സേവാഭാരതിയുടെ വാഗ്ദാനമാണ് ആശ്വാസമായത്. ആറ് കുട്ടികളടങ്ങുന്ന കുടുംബത്തെ സേവാഭാരതി ഏറ്റെടുക്കുമെന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി വിജയന്‍ പറഞ്ഞു. ഇതിനുള്ള സന്നദ്ധത അറിയിച്ച് സേവാഭാരതി ശിശുക്ഷേമ സമിതിക്ക് കത്ത് നല്‍കുമെന്നും വിജയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: