ന്യൂദല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയ ബില്‍ ഇന്നലെ രാജ്യസഭയും കടന്നു. ഇനി മുതല്‍ എസ്പിജി സംരക്ഷണം ലഭിക്കുന്ന ഏക വ്യക്തി പ്രധാനമന്ത്രി മാത്രമായിരിക്കും. യാതൊരു പ്രതികാര രാഷ്‌ട്രീയത്തിന്റെ പ്രശ്നവും എസ്പിജി നിയമ ഭേദഗതിയില്‍ ഇല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.
നിലവിലെ പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍, മുന്‍ പ്രധാനമന്ത്രിമാര്‍ സ്ഥാനമൊഴിഞ്ഞ് അഞ്ചുവര്‍ഷം വരെ, മുന്‍ പ്രധാനമന്ത്രിക്ക് അനുവദിച്ച ഔദ്യോഗിക ബംഗ്ലാവില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് അഞ്ചുവര്‍ഷം എന്നിങ്ങനെയാണ് ഭേദഗതി പ്രകാരം എസ്പിജി സംരക്ഷണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അടുത്ത ബന്ധുക്കളാരും തന്നെ താമസിക്കുന്നില്ലാത്തതിനാല്‍ മോദിക്ക് മാത്രമേ എസ്പിജി സംരക്ഷണം നല്‍കൂ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിട്ടതിനാല്‍ അദ്ദേഹത്തിന് എസ്പിജി സേവനം ലഭ്യമല്ല.
പഴയ നിയമ പ്രകാരം മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുവര്‍ഷം മാത്രമായിരുന്നു എസ്പിജി സംരക്ഷണം. അവര്‍ എവിടെ താമസിക്കുന്നു എന്നത് വ്യവസ്ഥ ചെയ്തിരുന്നില്ല. എല്ലാവര്‍ഷവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു ഇവരുടെ എസ്പിജി സംരക്ഷണം പുതുക്കി നിശ്ചയിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, മക്കള്‍ എന്ന നിലയിലായിരുന്നു സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ വാദ്ര എന്നിവര്‍ക്ക് എസ്പിജി സംരക്ഷണം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം അഞ്ചുവര്‍ഷ പരിധിയില്‍ ഗാന്ധി കുടുംബം ഉള്‍പ്പെടില്ല.
















