ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്ന് നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ ചൈന നാവികസാന്നിധ്യം വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഏഴോ എട്ടോ പര്യവേക്ഷണകപ്പലുകള്‍ സ്ഥിരമായി കാണുന്നുണ്ട്. ആക്രമണനീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ നങ്കൂരമിട്ടിരുന്ന ചൈനയുടെ ഷി യാന്‍ 1 എന്ന കപ്പലിനെ നാവിക സേന തുരത്തിയെന്നും അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ തീരത്തും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ അടുത്തായാണ് ചൈനയുടെ ഷി യാന്‍ 1 എന്ന കപ്പല്‍ കണ്ടത്.
നാവികസേനാദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്ത് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയ്യാറെടുപ്പ് നടത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പാക് നുഴഞ്ഞു കയറ്റത്തിനെതിരെ സുരക്ഷ കര്‍ശനമാക്കിയതായും നാവികസേനാമേധാവി അറിയിച്ചു.
















